നവീൻ ബാബു കേസ് സി.ബി.ഐയ്ക്ക് വിട്ടത് കേന്ദ്രത്തോടുള്ള വിധേയത്വം :കെ.കെ.രാഗേഷ് തന്റെ പ്രതികരണം വളച്ചൊടിച്ചു, വ്യാഖ്യാനം ചമച്ച് ചിലർ സായൂജ്യമടയുന്നു
കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐയ്ക്ക് വിടുന്നതിൽ മുഖ്യമന്ത്രി കാണിക്കുന്ന താൽപര്യം കേന്ദ്ര അന്വേഷണ ഏജൻസികളോടുള്ള വിധേയത്വവും സംസ്ഥാന വിജിലൻസിനോടുള്ള വിശ്വാസക്കുറവും മൂലമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു.ഈ വിഷയത്തിൽ സി.പി.എമ്മിന് സി.ബി.ഐ പേടി എന്ന തരത്തിൽ മാദ്ധ്യമങ്ങൾ വളച്ചൊടിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
പറഞ്ഞകാര്യം വളച്ചൊടിച്ചും അതിനുമേൽ വ്യാഖ്യാനങ്ങൾ ചമച്ചും ചിലർ സായൂജ്യമടയുന്നുണ്ടെന്ന് സോഷ്യൽമീഡിയയിൽ രാഗേഷ് കുറിച്ചു. 'ഞങ്ങൾക്കെന്തോ സി.ബി.ഐപ്പേടി ബാധിച്ചു എന്നാണ് ചിലരുടെ വ്യാഖ്യാനം. വ്യാഖ്യാനപടുക്കളോട് പറയാനുള്ളത് ഒറ്റക്കാര്യം മാത്രമാണ്. സി.പി.എമ്മിന് ഇതിൽ ഭയക്കേണ്ട ഒരു കാര്യവുമില്ല. മാദ്ധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത് സംസ്ഥാന സർക്കാരെടുത്ത നയപരമായ തീരുമാനത്തെക്കുറിച്ചാണ്. നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും സി.ബി.ഐ അന്വേഷണാവശ്യം നിരസിച്ചിരുന്നു. സി.ബി.ഐ അന്വേഷണ ഹർജി തള്ളുന്ന ഘട്ടത്തിൽ കുടുംബത്തിന്റെ അഭ്യർഥനപ്രകാരം അവരുടെ ആശങ്കകൾകൂടി പരിഗണിച്ചുകൊണ്ട് അന്വേഷണം നടത്താനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളോടു കാട്ടുന്ന അമിതപ്രേമം ഇക്കഴിഞ്ഞ ആഴ്ചയും കണ്ടതാണ്.മുഖ്യമന്ത്രി ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേന്നുതന്നെ മുൻ മുഖ്യമന്ത്രി പിണറായിയുടെ വീട്ടിൽ ഇ.ഡി. കയറിയത് കേവലം യാദൃഛികമല്ല എന്നുറപ്പാണ്.സി.ബി.ഐ, ഇഡി മുതലായ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ എതിരാളികളെയാകെ വേട്ടയാടാനുള്ള ബി.ജെ.പിയുടെ ഉപകരണങ്ങളായാണ് കോൺഗ്രസ് ദേശീയതലത്തിൽ വിലയിരുത്തുന്നത്. എന്നാൽ ആ സമീപനവുമായി ഒത്തുപോകുന്നതല്ല വി.ഡി.സതീശന്റെ നിലപാടുകൾ. വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യുന്ന തന്റെ കാബിനറ്റിലെ രമേശ് ചെന്നിത്തലയേക്കാൾ അദ്ദേഹത്തിനു വിശ്വാസം നരേന്ദ്ര മോദിയോടും അമിത് ഷായോടുമാണെന്നും രാഗേഷ് ഫേസ് ബുക്കിൽ ആരോപിച്ചു.