കേരളത്തിലെ 3 റെയിൽ പദ്ധതികൾക്ക് കർണ്ണാടകത്തിന്റെ ഉടക്ക്
കാസർകോട്: കർണ്ണാടകയുടെ ഉടക്കിൽ കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് റെയിൽവേ പദ്ധതികൾ മുടന്തുന്നു. രണ്ടും മൂന്നും പതിറ്റാണ്ടുകൾക്ക് മുമ്പ് അന്തിമ ലൊക്കേഷൻ സർവ്വെ തയ്യാറാക്കി ഡി.പി.ആർ സമർപ്പിച്ച് പ്രവർത്തനം തുടങ്ങിയ കാഞ്ഞങ്ങാട്- പാണത്തൂർ- കാണിയൂർ റെയിൽപ്പാത, മൈസൂർ- തലശ്ശേരി റെയിൽപ്പാത, നിലമ്പൂർ -നഞ്ചങ്കോട് റെയിൽപ്പാത എന്നീ വൻകിട റെയിൽ പദ്ധതികളാണ് കർണ്ണാടക സർക്കാരിന്റെ സമ്മതപത്രമില്ലാതെ മുടങ്ങി കിടക്കുന്നത്.
പകുതി പണം കേരളം മുടക്കാമെന്ന് പറഞ്ഞ പദ്ധതികളാണ് പാതിവഴിയിലുള്ളത്. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഏറെ സഹായകരവും മലയോര ജനതയുടെ യാത്രാദുരിതത്തിന് ആശ്വാസം പകരുന്നതുമായ പദ്ധതികളാണ് ഈ മൂന്നും. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ചർച്ചചെയ്ത ഈ പദ്ധതികൾ നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രിമാരുടെ യോഗം നടത്തിയെങ്കിലും ഫലം കണ്ടില്ല.
കാഞ്ഞങ്ങാട് -കാണിയൂർ
2016ൽ 1395 കോടി ചിലവ് കണക്കാക്കിയ റെയിൽപാത. ഗുണഭോക്താക്കൾ മുഴുവൻ കേരളക്കാർ ആണെന്നും അതിർത്തിയിലെ വനത്തിനുള്ളിലൂടെ റെയിൽപാത നിർമ്മാണം പറ്റില്ലെന്നും പറഞ്ഞാണ് കാസർകോടിന്റെ വികസനത്തിന് കുതിപ്പേകുന്ന റെയിൽപാതക്ക് കർണ്ണാടക സർക്കാർ ഉടക്കിട്ടത്. 91 കിലോമീറ്റർ ദൈർഘ്യം വരുന്ന പദ്ധതിയുടെ 50 കിലോമീറ്റർ കർണ്ണാടകത്തിലും 41 കിലോമീറ്റർ കേരളത്തിലുമാണ്. 325 കോടി രൂപ വീതം കേരള, കർണ്ണാടക സർക്കാരും 725 കോടി രൂപ കേന്ദ്ര സർക്കാരും പദ്ധതിക്കു വേണ്ടി മുടക്കാനായിരുന്നു ധാരണ.
തലശ്ശേരി -മൈസൂർ
110 വർഷമായി മലബാർ പ്രദേശത്തെ ജനങ്ങൾ സ്വപ്നം കാണുന്ന പദ്ധതിയാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ 2022 സെപ്തംബറിൽ നൽകിയ മൈസൂർ പാതയുടെ പ്രപ്പോസൽ അന്നത്തെ കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തള്ളിയിരുന്നു. ഇക്കോ സെൻസിറ്റീവ് ഏരിയ, ടൈഗർ റിസർവ് വനങ്ങൾ, നാഷണൽ പാർക്ക് തുടങ്ങിയവ നഷ്ടപ്പെടും എന്നായിരുന്നു കർണ്ണാടകയുടെ വാദം. കൊങ്കൺ റെയിൽവേയുമായി ആലോചിച്ച് 5000 കോടിയുടെ പദ്ധതിയാണ് കേരളം സമർപ്പിച്ചത്. 180 കിലോമീറ്റർ കൊണ്ട് മൈസൂരെത്താൻ കഴിയുന്നതാണ് പാത. നിലവിൽ ഇത് 240 കിലോമീറ്റർ ആണ്.
നിലമ്പൂർ - നഞ്ചങ്കോട്
അന്തിമ ലൊക്കേഷൻ സർവ്വെ പൂർത്തീകരിച്ച് ലൊക്കേഷൻ സമർപ്പിച്ച പദ്ധതി. ഡി.പി.ആറും സമർപ്പിച്ചിരുന്നു. 2023ൽ 5.9 കോടി അനുവദിച്ചു. മേപ്പാടി സുൽത്താൻബത്തേരി വഴി നഞ്ചങ്കോട് വരെ 190 കിലോമീറ്റർ പാത നിർമ്മിക്കാനാണ് നിർദ്ദിഷ്ട പദ്ധതി. ദക്ഷിണ റെയിൽവെയുടെ പ്രധാന റെയിൽപാത എന്ന നിലയിൽ റെയിൽവേയുടെ പിങ്ക് ബുക്കിൽ ഇടംപിടിച്ചു. 3000 കോടിയാണ് മൊത്തം ചിലവ് കണക്കാക്കുന്നത്. തലശേരി -മൈസൂർ റെയിൽപാതയുമായി ലിങ്ക് ചെയ്യാനും സാധിക്കും. വന്യജീവികളുടെ ആവാസ വ്യവസ്ഥയെ അധികം ബാധിക്കാതെ വയനാട്-മൈസൂർ ജില്ലകൾ തമ്മിലുള്ള റെയിൽ കണക്റ്റിവിറ്റി സാധിക്കും.
വടക്കേ മലബാറിന്റെ പൊതുവായ വികസനം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മൂന്ന് റെയിൽ പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിച്ചത്. കർണ്ണാടകയിൽ മുമ്പ് അധികാരത്തിൽ ഉണ്ടായിരുന്ന ബി.ജെ.പി സർക്കാർ ഒരുതരത്തിലും പിന്തുണ നൽകിയില്ല. കർണ്ണാടകയുടെ സമ്മതം ലഭിച്ചാൽ ഒരാഴ്ച കൊണ്ട് കേരളം പണി തുടങ്ങും. ആവശ്യമെങ്കിൽ മുഖ്യമന്ത്രി അങ്ങോട്ടുപോയും ചർച്ച നടത്തും.
വി.അബ്ദുൾ റഹ്മാൻ
(റെയിൽവേയുടെ ചുമതല വഹിക്കുന്ന കേരള മന്ത്രി )