എൽ.ബി.എസിന് കേന്ദ്ര സർക്കാരിന്റെ 'ഐഡിയ ലാബ്'

Sunday 26 January 2025 12:12 AM IST
എൽ.ബി.എസ് എൻജിനീയറിംഗ് കോളേജ്

കാസർകോട്: എൽ.ബി.എസ് എൻജിനീയറിംഗ് കോളേജിന് കേന്ദ്ര സർക്കാരിന്റെ 'ഐഡിയ ലാബ്'അനുവദിച്ച് ഉത്തരവായി. വളരെ ചുരുക്കം കോളേജുകൾക്ക് മാത്രം ലഭിക്കുന്ന ഈ പദ്ധതിയിൽ എൽ.ബി.എസ് കോളേജ് ഉൾപ്പെട്ടത് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവു കൊണ്ടാണ്.

നിലവിൽ എല്ലാ പ്രോഗ്രാമുകൾക്കും അക്രഡിറ്റേഷൻ ലഭിച്ച കോളേജ് ഗവേഷണ രംഗത്ത് ഉയർച്ചയുടെ പാതയിലാണ്. 5000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ലാബാണ് ഐഡിയ സ്‌ക്രീമിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020ന്റേയും മേക്ക് ഇൻ ഇന്ത്യയുടേയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കപ്പെടുന്നത്.

തദ്ദേശീയ പ്രശ്നങ്ങളെ കണ്ടെത്തി അവയെ വിദ്യാർത്ഥികളേയും ഗവേഷകരേയും വ്യവസായ സംരംഭങ്ങളേയും ഏകോപിപ്പിച്ച് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹരിക്കുക എന്നുള്ളത് പദ്ധതിയുടെ പ്രധാന ഉദ്ദേശമാണ്. ഇതിനായി ജില്ലയ്ക്ക് അകത്തും അടുത്തുമായുള്ള ഗവേഷണ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി മുന്നോട്ടു പോകും. സെൻട്രൽ യൂണിവേഴ്സിറ്റി, സി.പി.സി.ആർ.ഐ, എച്ച്.എ.എൽ, എം.ആർ.പി.എൽ. സിഡാക്, നീ ലിറ്റ് എന്നീ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടും. ഈ പദ്ധതിയുടെ ഭാഗമായി വർക്ക്‌ഷോപ്പുകളും ടെക്നിക്കൽ ഫെസ്റ്റിവൽസും നടത്തപ്പെടുന്നതാണ്.

ഐഡിയ ലാബ്

ലേസർ കട്ടിംഗ് മെഷീൻ, സി.എൻ.സി നാട്ടർ, പി.സി.ബി ബിൽഡിംഗ് മെഷീൻ, പി.സി.ബി പ്രോട്ടോടൈപ്പ് മെഷീൻ, കമ്പ്യൂട്ടർ വർക്ക് സ്റ്റേഷൻ, സ്മാർട്ട് ബോർഡ്, എച്ച്.ഡി പ്രിന്റർ, മിനി ഡെസ്‌ക്ടോപ്പ് മെഷീൻ, മിക്സഡ് സിഗ്നൽ ഓസിലോസ്‌കോപ്പ് എന്നീ ഉപകരണങ്ങൾ ഉൾപ്പെടുന്ന മികച്ച സജ്ജീകരണങ്ങളാണ് ഐഡിയ ലാബിൽ ഉള്ളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക രംഗത്തുള്ള മാറ്റത്തിനനുസരിച്ച് വിദ്യാർത്ഥികളേയും ഗവേഷകരേയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ നേടാനും, സംരംഭകരാവാനും പ്രാപ്തരാക്കുക എന്നുള്ളതാണ് ഐഡിയ ലാബിലൂടെ ലക്ഷ്യമാക്കുന്നത്.