മന്ത്രിപദവി: കാസർകോടിന് പൂജ്യം,​ അവഗണനയിൽ പ്രതിഷേധം

Monday 18 May 2026 12:19 AM IST

കാസർകോട്: വി.ഡി സതീശന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ വടക്കൻ ജില്ലയുടെ സ്ഥാനം വട്ടപൂജ്യം. ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും രണ്ടുവീതം എം.എൽ.എമാരെ കേരള നിയമസഭയിൽ എത്തിച്ചിട്ടും മന്ത്രിപദവി നൽകാതെ കാസർകോടിനെ അവഗണിച്ചതിൽ വ്യാപക പ്രതിഷേധം.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും യു.ഡി.എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജിയും അവസാന നിമിഷം കാസർകോടിന് മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നുവെങ്കിലും അതെല്ലാം ഉണ്ടായില്ലാവെടിയായി. ഏറ്റവും ഒടുവിൽ രണ്ടരവർഷം വീതംവെപ്പിൽ രണ്ടാം ഘട്ടത്തിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് മന്ത്രിസഭയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം ആ നീക്കവും ചീറ്റിപ്പോയി. കളമശേരി എം.എൽ.എയെ മന്ത്രിയാക്കാൻ പാണക്കാട് കുടുംബം ഇടപെട്ടതോടെയാണ് കാസർകോട് ജില്ല ലിസ്റ്റിൽ നിന്ന് തെറിച്ചത്. അതുവരെയും അഷ്‌റഫ് ക്യാമ്പിൽ ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ,​ പെട്ടെന്നാണ് ആ വഴിയും അടയുന്ന സാഹചര്യം ഉണ്ടായത്. അഞ്ച് മന്ത്രിമാരെ കിട്ടിയിട്ടും കാസർകോടിനെ തഴയുകയായിരുന്നു മുസ്ലിംലീഗ് സംസ്ഥാന നേതൃത്വമെന്ന് പ്രധാനപ്പെട്ട നേതാക്കൾ തന്നെ പറയുന്നുണ്ട്.

അർഹത ഉണ്ടായിട്ടും കാസർകോടിന് മന്ത്രിസ്ഥാനം നൽകിയില്ലെങ്കിൽ വോട്ടർമാരുടെ അവഹേളനം യു.ഡി.എഫിന് ഏൽക്കേണ്ടിവരുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞെങ്കിലും ഒന്നും ഏശിയില്ല. സംസ്ഥാന നേതൃത്വത്തിന് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്ത് നല്കിയിരുന്നുവെന്ന് ജില്ലാ പ്രസിഡന്റു കൂടിയായ കല്ലട്ര മാഹിൻ ഹാജി വ്യക്തമാക്കിയെങ്കിലും അങ്ങനെ ഒരു കത്ത് പാണക്കാട് തങ്ങൾ പരിഗണിച്ചില്ല. എ.കെ.എം അഷ്‌റഫിനെ മന്ത്രിയാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി അടക്കം അവസാന നിമിഷം വരെ നീക്കുപോക്ക് നടത്തിയെങ്കിലും സാധിച്ചില്ല.