കൊല്ലത്ത് നിന്ന് കൊച്ചിയിലേക്ക് പുത്തൻ കപ്പലിൽ ക്രൂയിസ്

Tuesday 21 January 2025 11:59 PM IST

കൊല്ലം: കൊല്ലത്ത് നിന്ന് കൊച്ചിയിലേക്ക് ക്രൂയിസ് സർവീസിന് കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള നെഫർട്ടിറ്റിയുടെ മാതൃകയിൽ അഡംബര കപ്പൽ നിർമ്മിക്കാൻ സ്വകാര്യ ഏജൻസി രംഗത്ത്. 350 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന കപ്പൽ നിർമ്മിക്കാനാണ് തീരുമാനം.

കപ്പൽ നിർമ്മാണത്തിന് വൈകാതെ ആഗോള ടെണ്ടർ ക്ഷണിക്കും. കരാറായാൽ 18 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ കഴിയും. സ്വകാര്യ കമ്പനി പദ്ധതിയിൽ നിന്ന് പിന്മാറാതിരുന്നാൽ രണ്ട് വർഷത്തിനകം സർവീസ് ആരംഭിക്കാൻ കഴിയും. നെഫർട്ടിറ്റി കൊച്ചി മറൈൻ ഡ്രൈവിൽ നിന്ന് ആഴക്കടലിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഇതുപോലെ കൊല്ലത്ത് നിന്നും ആഴക്കടലിലേക്ക് പുതിയ കപ്പൽ ഉപയോഗിച്ച് വിനോദ സർവീസ് നടത്താനും ആലോചനയുണ്ട്. കൊല്ലം പോർട്ടിൽ ഇമിഗ്രേഷൻ ചെക്കിംഗ് പോയിന്റ് അനുവദിച്ച സാഹചര്യത്തിൽ കപ്പലുകളിൽ യാത്രക്കാർക്ക് കയറുകയും ഇറങ്ങുകയും ചെയ്യാം. സ്ഥിരമായി സർവീസ് ഇല്ലാത്തതിനാലാണ് കൊല്ലം പോർട്ടിൽ ഇതുവരെയും ഇമിഗ്രേഷൻ ഓഫീസ് തുറക്കാത്തത്.

നക്ഷത്ര ഹോട്ടൽ സൗകര്യങ്ങൾ

സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന തരത്തിൽ നക്ഷത്ര ഹോട്ടലുകളിലേതിന് സമാനമായ സൗകര്യങ്ങളോടെയുള്ള കപ്പലാകും നിർമ്മിക്കുക. പൂർണമായും ശീതീകരിച്ച് റെസ്റ്റോറന്റ്, ബാങ്കറ്റ് ഹാൾ, ത്രീഡി തീയേറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും ലക്ഷ്യമിടുന്നുണ്ട്. നെഫർട്ടിറ്റിയിൽ 200 യാത്രക്കാർക്കുള്ള സൗകര്യമേയുള്ളു. വിവാഹം, വിവാഹനിശ്ചയം, മറ്റ് ആഘോഷ ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കാനാണ് 350 യാത്രക്കാർക്കുള്ള സൗകര്യം ഒരുക്കുന്നത്.

 രാത്രികാലങ്ങളിലും കപ്പലിൽ തങ്ങാം  യാനങ്ങളിലിരുന്ന് മീൻപിടിത്തവും ഡൈവിംഗും  ഉൾക്കടലിലേക്കുള്ള സഞ്ചാരവും സാഹസിക വിനോദങ്ങളും  കപ്പലിനുള്ളിൽ യോഗങ്ങളും ആഘോഷങ്ങളും  പോർട്ടുകളിലിറങ്ങി തൊട്ടടുത്തുള്ള വിനോദകേന്ദ്രങ്ങൾ സന്ദർശിക്കാം  കപ്പലിൽ വിനോദ സൗകര്യങ്ങളും ഭക്ഷണവും കലാരൂപങ്ങളും