സ്‌കൂൾ ഹെൽത്ത് ക്യാമ്പയിന് തുടക്കം

Wednesday 22 January 2025 12:08 AM IST

കൊല്ലം: ദേശീയ ആരോഗ്യ ദൗത്യം, ആരോഗ്യ വകുപ്പ്, കെ.ജി.എം.ഒ.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന സ്‌കൂൾ ഹെൽത്ത് ക്യാമ്പയിന് ജില്ലയിൽ തുടക്കം. എൻ.എച്ച്.എം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. 18 വയസിൽ താഴെയുള്ള കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന 30 ആരോഗ്യ പ്രശ്നങ്ങളെ മുൻകൂട്ടി കണ്ടുപിടിക്കുന്നതിനും, വിദഗ്‌ദ്ധ പരിശാധന, ചികിത്സ എന്നിവ സാദ്ധ്യമാക്കുകയും ചെയ്യുന്ന പദ്ധതിയായ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമത്തിനെ കൂടുതൽ ജനകീയമാക്കുന്നതിനാണ് ക്യാമ്പയിൽ ആരംഭിച്ചിട്ടുള്ളത്.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അനിത അദ്ധ്യക്ഷയായി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.എം.എസ്.അനു, ഡോ.ദിവ്യ ശശി, കെ.ജി.എം.ഒ.എ ജില്ല പ്രസിഡന്റ് ഡോ. രോഹൻ രാജ്, സെക്രട്ടറി ഡോ.ഹരി, ആർ.ബി.എസ്‌.കെ ജില്ലാ കോ ഓർഡിനേറ്റർ പ്രിൻസി പ്രസാദ് എന്നിവർ സംസാരിച്ചു.