മലയാളികൾ സ്വന്തം ഭാഷയോട് ഉദാസീനത കാട്ടുന്നവർ: കെ. ജയകുമാർ
ചാത്തന്നൂർ: സ്വന്തം ഭാഷയോട് കടുത്ത ഉദാസീനത കാട്ടുന്നവരാണ് മലയാളികളെന്ന് കേന്ദ്രസാഹിത്യ അക്കാഡമി പുരസ്കാര ജേതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പറഞ്ഞു. കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജനകേന്ദ്രത്തിൽ സമുദ്ര സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച ചടങ്ങിൽ മാതൃഭാഷ പുരസ്കാര സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. തമിഴ് നാട്ടിൽ തമിഴ് ഒരു ഭാഷമാത്രമല്ല, അവരുടെ വികാരമാണ്. എന്നാലിവിടെ ഇംഗ്ളീഷ് പഠിക്കാനുള്ള വെപ്രാളത്തിനിടയിൽ മലയാളത്തെ കണ്ടഭാവമില്ല. അവനവന്റെ ഭാഷയിലൂടെ കിട്ടുന്ന ആത്മവിശ്വാസവും കഴിവുമാണ് ആരെയും പ്രാപ്തനാക്കുന്നതെന്ന വസ്തുത പലരും അറിയുന്നില്ലെന്നും കെ.ജയകുമാർ പറഞ്ഞു.
ഡോ. ആർ.ശിവകുമാർ പുരസ്കാരം ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ 'ഭാഷാ വികസനത്തിന്റെ ജനാധിപത്യവഴികൾ' എന്ന പഠനഗ്രന്ഥമാണ് പുരസ്കാരത്തിന് അർഹമായത്. ഭാഷാസമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ പ്ളാക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡോ. തോട്ടം ഭൂവനചന്ദ്രൻ, സമുദ്രതീരം ചെയർമാൻ റുവൽസിംഗ്, കോട്ടാത്തല ശ്രീകുമാർ, എം.വി.ജനാർദ്ദനൻ, കെ.പി.സജിനാഥ്, പ്രണവം ഷീലാമധു, ശരത് ചന്ദ്രൻ പിള്ള, ഡോ.ആർ. ജയചന്ദ്രൻ, എസ്.ആർ. മണികണ്ഠൻ, കെ.ജി. രാജു, എ.ആർ. സുമ, പത്മ എസ്.ചിറക്കര, എൻ.ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിച്ചു. സാഹിത്യരംഗത്തെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.