കൊല്ലം ഇന്ധന പര്യവേക്ഷണം... തീരസേവനം ഉറപ്പിക്കാൻ പോർട്ടിലെ ആഴം കൂട്ടണം

Thursday 13 March 2025 12:08 AM IST

കൊല്ലം: കൊല്ലം തീരത്ത് മാസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന ഇന്ധന പര്യവേക്ഷണത്തിന്റെ തീരസേവനം കൊല്ലം പോർട്ട് കേന്ദ്രീകരിച്ചാകാൻ ആഴം കൂട്ടണം. കൊല്ലം പോർട്ടിന്റെ ആഴക്കുറവ് കൂടി ചൂണ്ടിക്കാട്ടിയാണ് ഓയിൽ ഇന്ത്യയും ഷിപ്പിംഗ് ഏജൻസികളും തീരസേവനം കൊച്ചി തുറമുഖം കേന്ദ്രീകരിച്ചാക്കാൻ ശ്രമിക്കുന്നത്. നേരത്തെ 7.2 മീറ്റർ വരെ ഡ്രാഫ്ടുള്ള (ജലോപരിതലത്തിൽ നിന്ന് താഴേക്കുള്ള ഭാഗം) കപ്പലുകൾ അടുപ്പിക്കാമായിരുന്നു. നാവിഗേഷൻസ് സേഫ്ടി ഇൻ പോർട്ട്സ് കമ്മിറ്റി പ്രതിനിധികൾ കഴിഞ്ഞ മാസം നടത്തിയ പരിശോധനയ്ക്ക് ശേഷം ഡ്രാഫ്ട് അളവ് വെട്ടിച്ചുരുക്കിയിരുന്നു. വേലിയേറ്റ സമയത്ത് 6.2 മീറ്റർ വരെയും സാധാരണ സമയങ്ങളിൽ 5.6 മീറ്റർ വരെയും ഡ്രാഫ്ടുള്ള കപ്പലുകളേ അടുപ്പിക്കാൻ കഴിയൂ. അടുപ്പിക്കാവുന്ന കപ്പലുകളുടെ നീളം 178.8 മീറ്ററിൽ നിന്ന് 165 മീറ്ററായും വെട്ടിച്ചുരുക്കി. ഓയിൽ ഇന്ത്യ നേരത്തെ തയ്യാറാക്കിയ തീരസേവനത്തിനുള്ള ടെണ്ടർ രേഖയിൽ കൊല്ലം പോർട്ടിൽ 7 മീറ്റർ ആഴമുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ വന്ന മാറ്റമാണ് ടെണ്ടറിൽ പങ്കെടുക്കുന്ന ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്. ആഴം കുറഞ്ഞതിനാൽ കൂടുതൽ ഭാരമുള്ള കപ്പലുകൾ എത്തിയാൽ മണലിൽ പുതയാനുള്ള സാദ്ധ്യതയുണ്ട്.

ഡ്രഡ്ജിംഗ് നടന്നത് 10 വർഷം മുമ്പ്

 ഡ്രഡ്ജിംഗിന് ഹാർബർ എൻജിനിയറിംഗ് വകുപ്പ് രണ്ട് എസ്റ്റിമേറ്റുകൾ തയ്യാറാക്കി

 ആദ്യ എസ്റ്റിമേറ്റ് 8 കോടിയുടേത്

 അടുത്തിടെ നൽകിയത് 3.5 കോടിയുടേത്  ഡ്രഡ്ജിംഗിന് സർക്കാർ പണം നൽകണം

ഓയിൽ ഇന്ത്യയുമായി ചർച്ച വേണം

തീരസേവനം കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് തന്നെ നടത്താൻ ഓയിൽ ഇന്ത്യയുമായി കേരള മാരിടൈം ബോർഡ് അധികൃതർ ചർച്ച നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.