അപകടത്തിൽപ്പെട്ട യുവതികൾക്ക് രക്ഷകനായി ധനമന്ത്രി

Saturday 29 March 2025 12:59 AM IST

കൊല്ലം: അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യുവതികൾക്ക് രക്ഷകനായി മന്ത്രി കെ.എൻ.ബാലഗോപാൽ. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ആശ്രാമം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് തട്ടി റോഡിലേക്ക് വീണാണ് സ്കൂട്ടർ യാത്രക്കാരായ കാവനാട് സ്വദേശികളായ അൻസി (36), ജിൻസി (34) എന്നിവർക്ക് പരിക്കേറ്റത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗം കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് ഹാളിൽ നിന്ന് മടങ്ങും വഴിയായിരുന്നു യുവതികൾ രക്തം വാർന്ന് റോഡിൽ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ വാഹനം നിറുത്തി പുറത്തിറങ്ങിയ മന്ത്രി അതുവഴി വന്ന ഓട്ടോറിഷയിൽ കയറ്റി യുവതികളെ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് അപകടം ഉണ്ടാക്കിയ സ്വകാര്യ ബസിനെതിരെ നടപടികൾ സ്വീകരിക്കാൻ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്‌ക്ക് നിർദേശം നൽകി. കൈയ്ക്കും കാലിനും പരിക്കേറ്റ യുവതികളെ ജില്ലാശുപത്രിയിൽ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.