കല്ലുന്താഴം തുറക്കാനുള്ള കാത്തിരിപ്പ് തീരുന്നു
ഈ മാസം അവസാനം ഗതാഗതം പുനരാരംഭിക്കും
കൊല്ലം: കല്ലുന്താഴം ജംഗ്ഷനിൽ അടച്ച ദേശീയപാത 66ലെ ഗതാഗതം ഈമാസം അവസാനം പുനരാരംഭിക്കും.
പുതിയ ആർ.ഒ.ബിയുടെ നിർമ്മാണത്തിനും ഉയരപ്പാതയുടെ പൂർത്തീകരണത്തിനുമായി പഴയ ആർ.ഒ.ബിയാണ് തുറക്കുന്നത്.
11.5 മീറ്റർ വീതിയുള്ള പഴയ ആർ.ഒ.ബി മൂന്ന് വരിയാക്കിയാണ് തുറക്കുന്നത്. ഈ ആർ.ഒ.ബിയിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ആർ.ഒ.ബി തുറക്കുന്നതോടെ കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് കല്ലുന്താഴം ഫ്ലൈ ഓവർ വഴി കടന്നുപോകാനാകും. തൊട്ടുചേർന്ന് പുതുതായി 13 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പുതിയ ആർ.ഒ.ബിയുടെ നിർമ്മാണം 60 ശതമാനം പിന്നിട്ടു. ആർ.ഒ.ബിയുടെ സ്റ്റീൽ ഗർഡറുകൾ സ്ഥാപിച്ചു. അതിന് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഒരുമാസത്തിനുള്ളിൽ രണ്ടാമത്തെ ആർ.ഒ.ബിയുടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
മാർച്ച് മൂന്നാം വാരമാണ് ആർ.ഒ.ബിയുടെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണത്തിനായി ദേശീയപാത 66ൽ കല്ലുന്താഴം ജംഗ്ഷൻ അടച്ചത്. അതിന് ശേഷം ദേശീയപാത 66ൽ കല്ലുന്താഴം ജംഗ്ഷൻ കടക്കേണ്ട വാഹനങ്ങൾ പഴയ എൻ.എച്ച് 66ലൂടെയാണ് കടന്നുപോകുന്നത്. ഒരുമാസത്തേക്ക് ജംഗ്ഷൻ അടയ്ക്കാനാണ് നിർമ്മാണ കമ്പനിക്ക് കളക്ടർ അനുമതി നൽകിയത്. ഒരുമാസം കൂടി നീട്ടാൻ കമ്പനി അപേക്ഷ നൽകിയപ്പോൾ എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കളക്ടർ നിർദ്ദേശിച്ചത്.
പ്രതിസന്ധികൾ
ജൂണിന് മുൻപ് തുറന്നില്ലെങ്കിൽ കുരുക്ക് രൂക്ഷമാകും വിദ്യാർത്ഥികൾ സ്കളിലെത്താൻ ചുറ്റിത്തിരിയണം
ഇപ്പോൾ സ്വകാര്യ ബസ് സർവീസ് ഇടറോഡുകളിലൂടെ ഇടറോഡുകൾക്ക് വീതികുറവ്
പ്രധാന ഇടറോഡിൽ റെയിൽവേ ഗേറ്റ്