ജില്ലയിൽ ഇനിയങ്ങോട്ട് കനത്ത മഴ, ഇടിമിന്നൽ
ഞായർ വരെ യെല്ലോ അലർട്ട്
കൊല്ലം: വരും ദിവസങ്ങളിൽ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച വരെ ജില്ലയിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്തിന് പുറമെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഴ ശക്തമായിരിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നുമുതൽ തന്നെ മഴ കനക്കാൻ സാദ്ധ്യതയുണ്ട്. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരും.
ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാദ്ധ്യത. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ജാഗ്രത വേണം
ഇടിമിന്നൽ അതീവ അപകടകാരിയായതിനാൽ പൊതുജനങ്ങൾ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ തൊടുന്നതിന് കുഴപ്പമില്ല എന്നതിനാൽ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകാനും വൈദ്യസഹായം എത്തിക്കാനും ശ്രദ്ധിക്കണം. ഇടിമിന്നൽ സാദ്ധ്യത മുൻകൂട്ടി അറിയാൻ 'ദാമിനി' മൊബൈൽ ആപ്പ് ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു. ജില്ലയിലെ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി നിർദ്ദേശിച്ചു
..................................
കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം.
ജനലും വാതിലും അടച്ചിടണം, വൈദ്യുത ഉപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കണ ഫോൺ ഉപയോഗം ഒഴിവാക്കണം (മൊബൈൽ ഫോൺ ഉപയോഗിക്കാം)
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ ടെറസിലോ തുറസായ സ്ഥലത്തോ കളിക്കാൻ അനുവദിക്കരുത്
ജലാശയങ്ങളിൽ മീൻപിടിക്കുന്നതും കുളിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണം
വളർത്തുമൃഗങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിക്കെട്ടാൻ മഴ തുടങ്ങുന്നതുവരെ കാത്തിരിക്കരുത്
.