മഴക്കാലം നേരിടാൻ ജില്ലാ ഭരണകൂടം
കൊല്ലം: മഴക്കാല ദുരിതങ്ങൾ നേരിടാൻ ജില്ല സുസജ്ജമെന്ന് കളക്ടർ എൻ.ദേവിദാസ്. ഉയർന്ന തോതിലുള്ള മഴസാദ്ധ്യത കണക്കിലെടുത്ത് ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ തഹസീൽദാർമാരുടെ നേതൃത്വത്തിൽ ഇൻസിഡന്റൽ റെസ്പോൺസ് ടീമുകളെ സജ്ജമാക്കിയാണ് മുന്നൊരുക്കം പൂർത്തിയാക്കിയത്. വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിന് തയ്യാറെടുപ്പുകളായി. ദേശീയപാതയിലും ഇതര റോഡുകളിലെയും ഓടകളുടെ ശുചീകരണം നടത്തുന്നു. ജലാശയങ്ങളുടെ ശുചീകരണ നവീകരണ പ്രവർത്തികളും തുടരുന്നു. പാതയോരങ്ങളിലെ അപകടകരമായ മരങ്ങൾ നീക്കം ചെയ്യും. മണ്ണിടിച്ചിൽ സാദ്ധ്യതാ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷാ നടപടികളും കൈക്കൊള്ളും. പരവൂർ പൊഴിയിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്യും. പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രതിരോധത്തിനും ചികിത്സയ്ക്കും ആവശ്യമായ മരുന്നുകൾ, പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റിവെനം, പേവിഷ വാക്സിൻ എന്നിവയുടെ ലഭ്യത ഉറപ്പാക്കി. തഴവയിൽ സൈക്ലോൺ ഷെൽട്ടർ സജ്ജമാക്കും. ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഒരുക്കുന്ന കെട്ടിടങ്ങളിലും സൗകര്യങ്ങൾ ഉറപ്പാക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് അനുസൃതമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അഗ്നിശമനസേന നിഷ്കർഷിച്ച സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിന് നിർദേശിച്ചു.
തീരസംരക്ഷണത്തിന് ജിയോബാഗുകൾ ഉറപ്പാക്കണം. ബീച്ചുകളിൽ കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കുന്നതിനും നടപടിയുണ്ടാകും. ദുരന്തനിവാരണപ്രവർത്തനങ്ങൾക്ക് ആവശ്യമായ വാഹനങ്ങൾ ഉറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു. സബ് കളക്ടർ അഖിൽ.വി.മേനോൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.