കൊല്ലം റെയിൽവേ സ്റ്റേഷൻ ടോയ്‌ലറ്റിന് കൊളുത്തില്ല, പ്ലാറ്റ്‌ഫോമിൽ ഇരിപ്പിടമില്ല!
പരാതികൾ അവഗണിച്ച് റെയിൽവേ
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ ദുരിതങ്ങൾ അധികൃതർ അവഗണിക്കുന്നുവെന്ന് പരാതി. പുതുതായി നിർമ്മിച്ച കെട്ടിടത്തിലെ കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നുള്ള ടോയ്‌ലറ്റിന്റെ കൊളുത്ത് തകർന്ന് ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയെടുക്കാൻ റെയിൽവേ തയ്യാറായിട്ടില്ല.
ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന പ്രധാന ടോയ്‌ലറ്റുകളിലൊന്നിനാണ് ഈ അവസ്ഥ. സ്റ്റേഷനിൽ ഒറ്റയ്ക്ക് എത്തുന്ന വനിതാ യാത്രക്കാരാണ് വലയുന്നത്. ടോയ്‌ലറ്റ് ഉപയോഗിക്കണമെങ്കിൽ പുറത്ത് മറ്റാരെങ്കിലും കാവൽ നിൽക്കേണ്ട അവസ്ഥയാണ്. സുരക്ഷിതമായി ടോയ്‌ലറ്റ് ഉപയോഗിക്കാൻ പോലും കഴിയാത്ത അവസ്ഥയാണിവിടെ. അപരിചിതരായ ആളുകൾ വന്നുപോകുന്ന റെയിൽവേ സ്റ്റേഷൻ പോലെയൊരു പൊതുസ്ഥലത്ത്, സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള ഇടത്തിന് കൃത്യമായ സുരക്ഷയില്ലാത്തത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
രാത്രികാലങ്ങളിൽ എത്തുന്ന വനിതാ യാത്രക്കാരുടെ അവസ്ഥയും പരിതാപകരമാണ്. ദീർഘദൂര യാത്രക്കാർ അടക്കം ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന സ്റ്റേഷനിലെ ഈ നിസാര പ്രശ്നം പരിഹരിക്കാൻ പോലും അധികൃതർ തയ്യാറാകാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.
ഒന്നാം പ്ലാറ്റ്‌ഫോമിൽ ഇരിപ്പിടമില്ല
നവീകരണ ജോലികൾ പുരോഗമിക്കുന്ന ഒന്നാം പ്ലാറ്റ്‌ഫോമിൽ യാത്രക്കാർക്ക് ഇരിക്കാൻ വേണ്ടത്ര ഇടമില്ല. പണി നടക്കുന്നതിനാൽ മുൻപുണ്ടായിരുന്ന ഇരിപ്പിടങ്ങളിൽ പലതും മാറ്റി. ബാക്കിയള്ളവയിൽ കൂടുതലും ഉപയോഗ ശൂന്യമായി. ഇതിന് പകരമായി താത്കാലിക ഇരിപ്പിടങ്ങൾ പോലും ഇവിടെ ഒരുക്കിയിട്ടില്ല. മണിക്കൂറുകളോളം ട്രെയിൻ കാത്തുനിൽക്കേണ്ടി വരുന്ന പ്രായമായവർ, രോഗികൾ, ഗർഭിണികൾ എന്നിവരടക്കമുള്ള യാത്രക്കാർ പ്ലാറ്റ്‌ഫോമിൽ നിൽക്കേണ്ട അവസ്ഥയാണ്. ലഗേജുകളുമായി എത്തുന്നവർ ഇതിനു മുകളിലോ നിലത്തോ ആണ് ഇരിക്കുന്നത്.