'വായനയിലൂടെ രക്തബന്ധം' രക്തദാന പദ്ധതിക്ക് കരുനാഗപ്പള്ളിയിൽ
കരുനാഗപ്പള്ളി: സംസ്ഥാന ലൈബ്രറി കൗൺസിൽ, കേരള പൊലീസ്, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന 'വായനയിലൂടെ രക്തബന്ധം' പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം വലിയത്ത് കിംസ് ആശുപത്രിയിൽ നടന്നു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലാദ്യമായി തുടക്കം കുറിച്ച പദ്ധതിയുടെ ആദ്യദിനത്തിൽ മുനിസിപ്പൽ നേതൃസമിതി 100 യൂണിറ്റ് രക്തമാണ് ദാനം ചെയ്തത്. ബ്ലഡ് ബാങ്ക് സൗകര്യമുള്ള ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ, സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാറിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ രക്തദാനം നടത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടന്നു ചേർന്ന യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേഷ് വെട്ടുകാട്ട് അദ്ധ്യക്ഷത വഹിച്ചു.
വലിയത്ത് ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്മെന്റ് ഫിസിഷ്യൻ ഡോ. പ്രദീപ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. രാജ്കുമാർ, നേതൃസമിതി കൺവീനർ എ. സജീവ് തുടങ്ങിയവർ സംസാരിച്ചു.