റോക്കറ്റ് പോലെ വിലയേറ്റം അടി​ത്തറ ഇളകി​ അടുക്കളകൾ!

Thursday 21 May 2026 12:20 AM IST

​നിത്യോപയോഗ സാധന വില കുതിക്കുന്നു

​കൊല്ലം: കുടുംബ ബഡ്ജറ്റി​നെ തകി​ടം മറി​ക്കും വി​ധം കുതി​ച്ചു കയറുന്ന, നി​ത്യോപയോഗ സാധന വി​ല കേട്ട് പകച്ചു നി​ൽക്കുകയാണ് സാധാരണക്കാർ. പാചകവാതക പ്രതിസന്ധിക്ക് പുറമെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിലുണ്ടായ വർദ്ധനവും കൊടുംവേനലിലെ കടുത്ത ഉത്പാദന തകർച്ചയുമാണ് വിപണിയെ വരിഞ്ഞുമുറുക്കുന്നത്. ചരക്കുകൂലി കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ പലചരക്ക് സാധനങ്ങൾക്ക് വില ഇനിയും കൂടുമെന്ന് വ്യാപാരികൾ പറയുന്നു.

വേനലി​ന്റെ കാഠി​ന്യം കാരണം വിളവെടുപ്പ് ഗണ്യമായി കുറഞ്ഞു. കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിലെ ചെലവ് വർദ്ധിച്ചു. . ഉത്തരേന്ത്യൻ വിപണികളിൽ നിന്നുള്ള ചരക്കുനീക്കം കുറഞ്ഞതോടെ മല്ലി വില കിലോയ്ക്ക് 155 രൂപയിലെത്തി. മുളകിന്റെ വിളവെടുപ്പ് സീസൺ അവസാനിച്ചതും വിപണിയിൽ സ്റ്റോക്ക് കുറഞ്ഞതും വിലയെ പ്രതികൂലമായി ബാധിച്ചു. സാധാരണ മുളക് കി​ലോയ്ക്ക് 265 രൂപയും പിരിയൻ മുളകിന് 375 രൂപയുമാണ് നിലവിലെ നിരക്ക്. കാശ്മീരി മുളക് കിലോയ്ക്ക് 640 രൂപയായി​. തമിഴ്‌നാട്ടിലും കർണാടകത്തിലും മഴ കുറഞ്ഞതും കടുത്ത ചൂടിനെത്തുടർന്ന് ഉത്പാദനം ഇടിഞ്ഞതും പച്ചക്കറി വിപണിയെ ബാധി​ച്ചു. ഇതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭൂരിഭാഗം പച്ചക്കറികൾക്കും വില ഇരട്ടിയോളമായി.

​ ഇന്ധന പ്രതിസന്ധി

​നിത്യേന ഉപയോഗിക്കുന്ന വിവിധയിനം അരികൾക്ക് നേരിയ തോതിൽ വില വ്യത്യാസപ്പെട്ടിട്ടുണ്ട്. ആന്ധ്ര അരി ഇനങ്ങൾക്ക് 42- 43 വരെയാണ് കിലോയ്ക്ക് ഇപ്പോഴത്തെ വില. വടി അരി (50 രൂപ), ഉണ്ട അരി (45 രൂപ), പച്ചരി (31-36 രൂപ) എന്നിങ്ങനെയാണ് മറ്റു നിരക്കുകൾ. പഞ്ചസാര വില 44.50 രൂപയായും വൻപയർ വില 85 രൂപയായും ഉയർന്നിട്ടുണ്ട്. വെളിച്ചെണ്ണ, കടുക്, കടല എന്നിവയുടെ വിലയിൽ നിലവിൽ മാറ്റമില്ല. ചരക്കുകൂലി വർദ്ധന ഇവയെയും ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്. അടുപ്പുകൂട്ടാൻ ഇന്ധനമില്ലാത്തതും ഉള്ളതുകൊണ്ട് പാകം ചെയ്യാൻ സാധനങ്ങളില്ലാത്തതുമായ അവസ്ഥയിലാണ് സാധാരണക്കാർ!

ഇനം ഈ ആഴ്ചയിലെ വില (കിലോ)

 മുളക്: 265

 പിരിയൻ മുളക്: 375

 കാശ്മീരി മുളക്: 640

 മല്ലി: 155

 ഉള്ളി: 54

 സവാള: 21

 ആന്ധ്രാ അരി: 42- 43

 പച്ചരി: 31- 36

 ഉണ്ട അരി: 45

 വടി അരി: 50

 പയർ: 100- 145

 കടല 67- 90

 ഉഴുന്ന്: 105- 118

 പഞ്ചസാര: 44.50

 വൻപയർ: 60 - 85

 മൈസൂർ തുവര: 77

 വെളിച്ചെണ്ണ (കേര 900 മില്ലി): 305

 ജീരകം: 265

 കടുക്: 82

 ഉലുവ: 85