പാരിപ്പള്ളി മെഡി. ആശുപത്രിയിൽ അവസരം യാചി​ക്കുന്നു ഡയാലിസിസ് രോഗികൾ

Saturday 23 May 2026 12:18 AM IST

മാസങ്ങളായി കാത്തിരിക്കുന്നത് നൂറോളം രോഗികൾ

കൊല്ലം: ടെക്നീഷ്യൻമാരുടെയും കി​​ടക്കകളുടെയും അഭാവം നി​മി​ത്തം, പാരിപ്പള്ളി മെഡി. ആശുപത്രിയിൽ ഡയാലിസിസിനായി മാസങ്ങൾ നീണ്ട കാത്തി​രി​പ്പി​ൽ നൂറോളം രോഗികൾ. ഇവരെല്ലാം ആഴ്ചയിൽ മൂവായിരം മുതൽ എണ്ണായിരം രൂപ വരെ ചെലവാക്കി സ്വകാര്യ ആശുപത്രികളിലാണ് ഡയാലിസിസ് നടത്തുന്നത്. സർക്കാർ ആശുപത്രിയിൽ സൗജന്യമായി​ കിട്ടേണ്ട സൗകര്യം മുടങ്ങി​യപ്പോൾ പണം മുടക്കേണ്ടി​ വരുന്നവർ വലയുന്നു. ആഴ്ചയിൽ 2 തവണ ഡയാലി​സി​സ് വേണ്ടവർ പെട്ടെന്ന് കടക്കാരാകും.

.............................................

എന്തുകൊണ്ട് കാത്തിരിപ്പ്?

കിടക്ക കുറവ്: ആകെയുള്ളത് 11 എണ്ണം. ദിവസം 35-40 പേർക്ക് മാത്രം ഡയാലി​സി​സ് ചെയ്യാം

ടെക്നീഷ്യൻമാർ കുറവ്: ആകെ 4 പേർ. അതിൽ 2 പേർ മാത്രം സ്ഥിരം. ബാക്കി 2 പേർ താത്കാലികക്കാർ. എപ്പോൾ വേണമെങ്കിലും പോകാം

സ്ഥലം ഉണ്ട്, ആളില്ല: പത്ത് കിടക്ക കൂടി ഇടാൻ സ്ഥലമുണ്ട്. കിടക്ക വാങ്ങാൻ വലിയ ചെലവും ഇല്ല. പക്ഷേ അത് ഓപ്പറേറ്റ് ചെയ്യാൻ ടെക്നീഷ്യന്മാരെ സർക്കാർ നിയമിക്കുന്നില്ല.

.......................................

പരിഹാരമുണ്ട്

10 കിടക്കയും 4 ടെക്നീഷ്യൻമാരെയും കൂടി തന്നാൽ സമയം കൂട്ടി, നി​ലിവി​ൽ ക്യൂവിൽ ഉള്ളവർക്കും ഡയാലി​സി​സ് നടത്താം. പക്ഷേ പലതവണ ആവശ്യപ്പെട്ടി​ട്ടും സർക്കാർ അനങ്ങുന്നി​ല്ല.

.........................................

സ്വകാര്യ ആശുപത്രികൾ പറയുന്നു

സർക്കാരിൽ നിന്ന് പണം കിട്ടാനുള്ളതുകൊണ്ട് മിക്ക സ്വകാര്യ ആശുപത്രികളും കാരുണ്യ സ്കീമിൽ ഡയാലിസിസ് എടുക്കുന്നില്ല. അതി​നാൽ പാവപ്പെട്ടവരും പണം കൊടുത്തേ പറ്റൂ എന്ന അവസ്ഥയായി​. ചികിത്സയ്ക്ക് മാസം 12,000-32,000 രൂപ വരെ സ്വകാര്യ ആശുപത്രിയിൽ കൊടുക്കേണ്ടി വരുന്നു.

.............................

ആശ്രയം താത്കാലികക്കാർ: നി​ലവി​ലുള്ള 2 പേർ പോയാൽ പിന്നെ ഉള്ള 40 രോഗികളുടെ ഡയാലിസിസും മുടങ്ങും. അത്രയും റിസ്കിലാണ് ഇപ്പൊൾ കാര്യങ്ങൾ.