കോൺഗ്രസ് കൊടിമരം തകർത്ത ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
കൊല്ലം: നെടുമ്പന പഴങ്ങാലം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ കൊടിമരവും ഫ്ലെക്സ് ബോർഡുകളും പിഴുതുമാറ്റി നശിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സജിത്തിനെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
നിരീക്ഷണ കാമറ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടിയത്. സമൂഹത്തിൽ കലാപവും രാഷ്ട്രീയ സംഘർഷവും സൃഷ്ടിക്കുന്നതിന് ആസൂത്രിതമായ ശ്രമങ്ങൾ നടത്തിയെന്നത് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രി മറ്റൊരാളിനൊപ്പം ബൈക്കിലെത്തിയ സജിത്ത് കോൺഗ്രസ് കൊടിമരം പിഴുതുമാറ്റുന്നതും നശിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോൺഗ്രസ് കൊടിമരവും ഫ്ലെക്സ് ബോർഡുകളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രി പഴങ്ങാലത്ത് നിന്ന് പള്ളിവേട്ടക്കാവിലേക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം നല്ലിലയിൽ എത്തിയപ്പോൾ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിച്ചത് സംഘർഷത്തിന് വഴിയൊരുക്കി. തുടർന്ന് ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാഗതം തടസപ്പെടുത്തിയതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തു.