60 ന്റെ നിറവിൽ 60 കിലോമീറ്റർ ഓട്ടം

Tuesday 02 June 2026 12:37 AM IST

കൊല്ലം: സോൾസ് ഒഫ് കൊല്ലം റണ്ണേഴ്സ് ക്ലബ് ഫൗണ്ടറായ അഡ്വ. വിജയരാജ് തന്റെ ഷഷ്ഠിപൂർത്തി ദിനത്തിൽ 60 കിലോമീറ്റർ ഓടി വ്യത്യസ്തനായി. രണ്ട് പതിറ്റാണ്ടായി പ്രൊഫഷണൽ മാരത്തോൺ രംഗത്ത് അറിയപ്പെടുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇന്ത്യയിലെ ഒട്ടുമിക്ക പ്രൊഫഷണൽ മാരത്തോണിലും പങ്കെടുക്കാറുണ്ട്.

ഞായറാഴ്ച സോൾസ് ഒഫ് കൊല്ലം റണ്ണേഴ്‌സ് ക്ലബ് അംഗങ്ങളും കേരളത്തിലെ മറ്റ് ക്ലബ്ബുകളിൽ നിന്നുള്ള ദീർഘദൂര ഓട്ടക്കാരും ചേർന്ന് രാത്രി ഒന്നരയ്ക്ക് ആശ്രമം എസ്.ഒ.കെ പോയിന്റിൽ നിന്നാണ് ഓട്ടം ആരംഭിച്ചത്. രാവിലെ 10ന് റേഡിയോ ബെൻസിഗർ ഡയറക്ടർ ഫാ. ഫെർഡിനെന്റ് പീറ്റർ, ക്ലബ്‌ പ്രസിഡന്റ്‌ പി.കെ.പ്രവീൺ സെക്രട്ടറി രാജു രാഘവൻ, രക്ഷധികാരി ഷാജഹാൻ ഫിറോസ്, സി.എൽ.ഉണ്ണിക്കൃഷ്ണൻ എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ഇന്ത്യൻ എയർ ഫോഴ്സിൽ നിന്ന് 2005ൽ വിരമിച്ച അഡ്വ. വിജയരാജ് ഇപ്പോൾ എറണാകുളം കടവന്ത്രയിൽ കൺസൾട്ടിംഗ് സ്ഥാപനം നടത്തിവരികയാണ്. ഭാര്യ ആർ.- താര. ഏകമകൻ അഖിൽ രാജ് മൈസൂരിൽ ഏഷ്യൻ പൈന്റ്‌സ് ലിമിറ്റഡിൽ ജോലി ചെയ്യുന്നു.