ഒന്നിലൊതുങ്ങി മന്ത്രി പ്രാതിനിദ്ധ്യം

Monday 18 May 2026 12:03 AM IST

കോട്ടയം : ഉറപ്പായും മൂന്ന് പേരെങ്കിലും വി.ഡി.സതീശൻ മന്ത്രിസഭയിൽ ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തലെങ്കിലും ഒന്നിലൊതുങ്ങിയത് നിരാശയായി. മുഖ്യമന്ത്രിയടക്കം യു.ഡി.എഫ് മന്ത്രിസഭയിൽ വിവിധ സുപ്രധാന വകുപ്പുകൾ ലഭിച്ചിരുന്ന ജില്ലയ്ക്ക് ഒറ്റ കോൺഗ്രസ് മന്ത്രി പോലുമില്ല. കോൺഗ്രസ് കോട്ടയായ ജില്ലയ്ക്ക് ആദ്യമായാണ് കോൺഗ്രസിൽ നിന്ന് ഒറ്റ മന്ത്രിയെ പോലും ലഭിക്കാത്തത്. അനുഭവ പരിചയത്തിൽ മുന്നിലുള്ള തിരുവഞ്ചൂരിന് മികച്ച വകുപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്പീക്കറായതോടെ നിഷ്പക്ഷനായി മാറേണ്ടിയും വന്നു. കേരള കോൺഗ്രസ് പ്രതിനിധിയായ മോൻസ് ജോസഫാണ് ഏക മന്ത്രി പ്രാതിനിധ്യം. ഉമ്മൻചാണ്ടിയുടെ പിൻഗാമിയും ജനകീയതയും മുഖവിലയ്ക്കെടുത്ത് ചാണ്ടി ഉമ്മന് അവസരമുണ്ടാകുമെന്ന ധാരണയും തിരുത്തപ്പെട്ടു. അവസാനഘട്ടം വരെ പേരുയർന്ന ചാണ്ടിയ്ക്ക് ഒടുവിൽ ഇടമില്ല. ടേം വ്യവസ്ഥയിൽ മാണി സി.കാപ്പന് രണ്ടര വർഷം കഴിഞ്ഞ് പരിഗണന ലഭിക്കുമെന്നാണ് വിവരങ്ങൾ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും റവന്യു, ധനം ഉൾപ്പെടെയുള്ള സുപ്രധാ വകുപ്പുകളും ചീഫ് വിപ്പും പദവിയും കൈകാര്യം ചെയ്തിരുന്നത് കോട്ടയത്ത് നിന്നുള്ളവരായിരുന്നു. പിന്നാലെ ഒന്നാം പിണറായി സർക്കാരിൽ ഒറ്റ മന്ത്രിയെ പോലും ജില്ലയ്ക്ക് ലഭിച്ചില്ല. ഇത് വികസനത്തെ വല്ലാതെ ബാധിച്ചു. കഴിഞ്ഞ തവണ വി.എൻ.വാസവൻ മന്ത്രിയായി.