 ഭക്ഷ്യസുരക്ഷ പരിശോധന കടുപ്പിച്ചു ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം വേണ്ട, പിഴ വീഴും

Wednesday 22 January 2025 12:02 AM IST
ഭക്ഷ്യ എണ്ണ

കോഴിക്കോട്: ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിച്ച ഭക്ഷ്യ എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കാൻ നിൽക്കേണ്ട പിടിവീഴും. ആരോഗ്യത്തിന് ഹാനികരമാം വിധം ഭക്ഷ്യഎണ്ണയുടെ പുനരുപയോഗത്തിനെതിരെ നടപടി കർശനമാക്കി ഭക്ഷ്യസുരക്ഷാവിഭാഗം. മൂന്നുപ്രാവശ്യത്തിൽ കൂടുതൽ എണ്ണ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഒരു ലക്ഷം രൂപവരെ പിഴ ഈടാക്കും. 50 ലിറ്ററിൽ കൂടുതൽ എണ്ണ പ്രതിദിനം കൈകാര്യം ചെയ്യുന്ന ഹോട്ടലുകൾ, ചിപ്‌സ്-മിക്‌സ്ചർ യൂണിറ്റുകൾ, ബേക്കറികൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരിശോധന. എണ്ണയിൽ പ്രാഥമികമായി അടങ്ങിയിരിക്കുന്ന ട്രൈഗ്ലിസറൈഡുകൾ വിഘടിച്ച് ഉണ്ടാകുന്ന അനാവശ്യ രാസവസ്തുക്കളുടെ അളവായ ടി.പി.സി (ടോട്ടൽ പോളാർ കോമ്പൗണ്ട്​സ്​) ഭക്ഷ്യസുരക്ഷ നിയമമനുസരിച്ച്​ 20 ശതമാനത്തിനുള്ളിൽ കൂടരുത്. കൂടിയ അളവിൽ ടി.പി.സിയുള്ള എണ്ണ ഉപയോഗിക്കുന്നതിലൂടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം ക്യാൻസറിന് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ പല ഹോട്ടലുകളും ബേക്കറികളും തട്ടുകടകളും ഉപയോഗിച്ച എണ്ണയിൽ വീണ്ടും ഭക്ഷണം പാകം ചെയ്യുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്.

ഉപയോഗിച്ച എണ്ണ വിൽക്കാം

പ്രതിദിനം 25 ലിറ്ററിൽ കൂടുതൽ എണ്ണ കെെകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ നിർബന്ധമായും ഉപയോഗിച്ച എണ്ണ അംഗീകൃത ഏജൻസികൾക്ക് കൈമാറിയിരിക്കണം. ഇതിനായി സ്ഥാപനങ്ങളിൽ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. ജില്ലയിൽ പ്രധാനപ്പെട്ട അഞ്ച് അംഗീകൃത ഏജൻസികൾ വഴി ഉപയോഗിച്ച എണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് വാങ്ങുന്നുണ്ട്. എണ്ണ ആഴ്​ചയിലൊരിക്കൽ ലിറ്ററിന്​ 50-60 രൂപ വിലയ്ക്കാണ് ഏജൻസികൾ വാങ്ങുന്നത്. ശേഖരിച്ച എണ്ണ ഈറ്റ് റൈറ്റ് ഇന്ത്യ, റൂക്കോ പദ്ധതികൾ പ്രകാരം പൊതുമേഖലാ എണ്ണ കമ്പനികൾക്ക് ബയോ ഡീസൽ ഉത്പാദനത്തിനായി കെെമാറും. കഴിഞ്ഞ വർഷം 73623 ലിറ്റർ എണ്ണയാണ് ജില്ലയിൽ ഏജൻസികൾ സംഭരിച്ചത്. 2023ൽ 54133 ലിറ്റർ എണ്ണയും ശേഖരിച്ചു.

'' ഭക്ഷ്യഎണ്ണകളുടെ പുനരുപയോഗത്തിനെതിരെ പരിശോധന കർശനമാക്കിയിട്ടുണ്ട്. പാചകത്തിനുള്ള എണ്ണ അന്നന്നുതന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. ചില സ്ഥാപനങ്ങൾക്ക് ഇപ്പോഴും ഉപയോഗിച്ച എണ്ണ വിൽക്കാനാവുമെന്ന് അറിയുന്നില്ല. സക്കീർ ഹുസെെൻ, അസി.കമ്മിഷണർ ഭക്ഷ്യസുരക്ഷ വകുപ്പ്

 ജില്ലയിൽ ശേഖരിച്ചത് 73623 ലിറ്റർ എണ്ണ(2024 ൽ)

കഴിഞ്ഞ വർഷം- 54133 ലിറ്റർ