ഡി.പി.ആർ പരിഷ്ക്കരിക്കാൻ കോർപ്പറേഷൻ, നഗരത്തിന് നാണക്കേടായി മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്
കോഴിക്കോട് : എന്നു നടക്കുമെന്നറിയാതെ നീണ്ടുനീണ്ട് പോവുകയാണ് കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് നവീകരണം. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ എത്തുന്ന ബസ് സ്റ്റാൻഡ് അസൗകര്യത്തിൽ വീർപ്പുമുട്ടുമ്പോഴും നവീകരണം ഫയലിൽ കിടക്കുകയാണ്. മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബസ് സ്റ്റേഷൻ പണിയുമെന്ന് കഴിഞ്ഞ വർഷത്തെ കോർപ്പറേഷൻ ബഡ്ജറ്റ് പ്രഖ്യാപനമായിരുന്നു. 45 കോടിയുടെ പദ്ധതിയിൽ കൂടുതൽ ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം, കാർ, ഇരുചക്രവാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യം, വാണിജ്യാവശ്യങ്ങൾക്കുള്ള സ്ഥലം, നഗരത്തിന്റെ അടയാളമായി ക്ലോക്ക് ടവർ എന്നിവ ഉൾപ്പെട്ടിരുന്നു. പ്രാഥമിക പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വകയിരുത്തുകയും ചെയ്തു. എന്നാൽ ഇത്രയും ചെലവ് വരുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്നത് സാമ്പത്തികമായി ഗുണകരമാവില്ലെന്നാണ് കോർപ്പറേഷന്റെ ഇപ്പോഴത്തെ നിലപാട്. ബസ് സ്റ്റാൻഡ് വികസനത്തിനായി പുതിയ ഡി.പി.ആർ തയ്യാറാക്കാൻ മുമ്പ് ഡി.പി.ആർ തയ്യാറാക്കിയ
കരാർ കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
പഴക്കം 30 വർഷം
കേരളത്തിലെ മികച്ച ബസ് സ്റ്റാൻഡായാണ് കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡ് പ്രവർത്തനം തുടങ്ങിയത്. രണ്ടു ഘട്ടങ്ങളിലായി പണി തീർത്ത കെട്ടിടം 1993 ലാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. 30 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിൽ പലകാലങ്ങളിലായി ചെറിയ അറ്റകുറ്റപ്പണികൾ മാത്രമാണ് നടന്നത്. തറയിൽപതിച്ച ടെെലുകളും പെയിന്റുകളും ഇളകിയിട്ടുണ്ട്. മതിയായ പാർക്കിംഗ് സൗകര്യവും വഴികളും ഇല്ലാത്തതിനാൽ
രണ്ട് നിലകളിലായി സ്ഥിതിചെയ്യുന്ന ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഒന്നും രണ്ടും നിലകളിലെ പല മുറികളും ഒഴിഞ്ഞുകിടക്കുകയാണ്.
തുടക്കത്തിൽ കടമുറികൾ ലേലത്തിനെടുത്തവരല്ല ഇപ്പോൾ കച്ചവടം ചെയ്യുന്നവരിൽ ഭൂരിപക്ഷവും. താഴെ നിലയിലെ മുറികളിൽ 1500 മുതൽ 3500 രൂപവരെ വാടകയാണ് കച്ചവടക്കാരിൽ നിന്ന് ഈടാക്കുന്നത്. യാത്രക്കാർക്കുള്ള വഴികളിലെല്ലാം പാർസൽ സാധനങ്ങളും അനധികൃത കച്ചവടക്കാരും നിരന്നിരിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒരു ഭാഗം ഷീറ്റിട്ടതാണ്. ഇതുമൂലം ഈ ഭാഗം കച്ചവടത്തിനായി ഉപയോഗപ്പെടുത്താൻ പറ്റാത്ത അവസ്ഥയാണ്.
'' മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന്റെ നവീകരണം കോഴിക്കോടിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. ആദ്യം തയ്യാറാക്കിയ വിശദ പദ്ധതി രേഖയിൽ 45 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. നിർമാണ ചെലവ് കുറച്ച് പുതുക്കിയ ഡി.പി.ആർ തയ്യാറാക്കാൻ കരാർ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുമായി കോർപ്പറേഷൻ മുന്നോട്ട് പോവും.
- പി.സി രാജൻ , കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.