ആരാകും മന്ത്രിമാർ? യു.ഡി.എഫിൽ അനൗദ്യോഗിക ചർച്ച ബേപ്പൂരിലെ തോൽവി അന്വേഷിക്കും

Wednesday 06 May 2026 12:54 AM IST
udf

കോഴിക്കോട്: മന്ത്രിയെയും എൽ.ഡി.എഫ് കൺവീനറെയുമുൾപ്പെടെ തോൽപ്പിച്ച് ജില്ലയിൽ ആകെ 13ൽ 12 സീറ്റ് നേടിയ യു.ഡി.എഫ് ക്യാമ്പിൽ ആരോക്കെ മന്ത്രിയാകുമെന്ന ചർച്ച സജീവമാകുന്നു. അതേസമയം ബേപ്പൂരിൽ പി.വി അൻവറിന് നേരിട്ട തോൽവിയെക്കുറിച്ച് പാർട്ടി തലത്തിൽ അന്വേഷിക്കും. ഇതിന്റെ ഭാഗമായി ജില്ലാ നേതാക്കളുടെ യോഗം ഉടൻ ചേരും. ബേപ്പൂരിന്റേതു മാത്രമായി പ്രത്യേക യോഗവുമുണ്ടാകും.

കൊയിലാണ്ടിയിൽ നിന്ന് വിജയിച്ച ഡി.സി.സി പ്രസിഡന്റ് കൂടിയായ അഡ്വ.കെ പ്രവീൺകുമാർ, കോഴിക്കോട് നോർത്തിൽ നിന്ന് ജയിച്ച അഡ്വ.കെ ജയന്ത്, നാദാപുരത്ത് നിന്ന് വിജയിച്ച കെ.എം അഭിജിത്ത് എന്നിവർ പരിഗണനയിലുണ്ടെന്നാണ് വിവരം. പ്രവീൺകുമാറിനാണ് കൂടുതൽ സാദ്ധ്യത. കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനമാകും ലഭിക്കുക. രണ്ട് പതിറ്റാണ്ടായി ജില്ലയിൽ നിന്ന് എം.എൽ.എമാരില്ലെന്ന നാണക്കേട് മാറ്റി ഉജ്ജ്വല വിജയം നേടുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചത് പ്രവീൺകുമാറാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വൻ വിജയമാണ് യു.ഡി.എഫ് നേടിയത്. ഇതിനായി ബൂത്ത് തലത്തിൽ വരെ ചിട്ടയായ പ്രവർത്തനവും ആസൂത്രണവും നടത്തി. പ്രശ്നങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിലും പ്രവീൺകുമാർ പ്രധാന പങ്കു വഹിച്ചു. എന്നാൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്തിന്റെയും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി അഭിജിത്തിന്റെ സാദ്ധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് നേതാക്കൾ പറയുന്നത്. ജയന്തിന് കെ. സുധാകരന്റെ പിന്തുണയുമുണ്ടെന്നാണ് സംസാരം. അതേസമയം മന്ത്രിസ്ഥാനം തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് കെ.പ്രവീൺകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. കൊയിലാണ്ടിയിൽ നിന്ന് മുൻപ് ജയിച്ച കോൺഗ്രസ് നേതാക്കൾ മന്ത്രിമാരായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ താൻ മന്ത്രിപദം വേണ്ടെന്നു പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു മറുപടി.

ലീഗിൽ എം.എ റസാക്ക്?

ലീഗിന് ജില്ലയിൽ നിന്ന് ഒരു മന്ത്രിയുണ്ടാകും. സീനിയർ നേതാവും പാർട്ടി ജില്ലാ പ്രസിഡന്റുമായ എം.എ റസാക്കിനാകും കൂടുതൽ പരിഗണന ലഭിക്കുക. കുന്ദമംഗലത്തു നിന്നാണ് റസാക്ക് ജയിച്ചത്. കുറ്റ്യാടിയിൽ നിന്ന് വിജയിച്ച പാറക്കൽ അബ്ദുള്ളയും പരിഗണനയിലുണ്ടെന്നാണ് വിവരം. അന്തിമ തീരുമാനം പാണക്കാട് തങ്ങളുടേതായിരിക്കും. പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായം അദ്ദേഹം ആരായും.

അൻവറിനെ ചേർത്തുപിടിക്കും

ബേപ്പൂരിൽ പരാജയപ്പെട്ട അൻവർ യു.ഡി.എഫിന്റെ ഭാഗമായി ഉണ്ടാകുമെന്നും അദ്ദേഹത്തെ ചേർത്തുപിടിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. യോഗ്യതയുണ്ടായിട്ടും മത്സരിക്കാൻ അവസരം കിട്ടാത്തവരെ സംഘടനാ തലത്തിലോ ഭരണതലത്തിലോ അർഹിക്കുന്ന പരിഗണന നൽകും. സി.പി.എം പരാജയപ്പെടാനേ തങ്ങൾ ആഗ്രഹിക്കുന്നുള്ളൂ. സി.പി.എം മുക്ത കോഴിക്കോട് തങ്ങളുടെ ലക്ഷ്യമല്ല. അതേസമയം ബി.ജെ.പി മുക്ത കോഴിക്കോട് ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.