പാളയം പഴം പച്ചക്കറി മാർക്കറ്റിൽ മെഗാ ശുചീകരണം

Wednesday 13 May 2026 12:39 AM IST
clean

കോഴിക്കോട്: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പാളയം പഴം-പച്ചക്കറി മാർക്കറ്റിൽ സമഗ്ര ശുചീകരണ പ്രവർത്തനവുമായി കോർപ്പറേഷൻ. മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സാറ ജാഫർ അദ്ധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തിൽ ഓരോരുത്തരുടെയും പങ്ക് നിർണായകമാണെന്നും ശുചിത്വം ഒരു ദിവസത്തെ പ്രവർത്തനം മാത്രമല്ല, ജീവിതശൈലിയായി മാറേണ്ടതാണെന്നും മേയർ പറഞ്ഞു.

മാർക്കറ്റിന്റെ വിവിധ കോണുകളിലും ഇടവഴികളിലും ഉപേക്ഷിക്കപ്പെട്ട അവശിഷ്ടങ്ങൾ നീക്കം ചെയ്തു. മഴവെള്ളം തടസമില്ലാതെ ഒഴുകുന്നതിനായി ചാലുകളിലെ തടസങ്ങളും നീക്കി. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 76 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോർപ്പറേഷൻ ക്ലീൻ സിറ്റി മാനേജർ കെ. ദിലീപ് കുമാർ, മുൻ കൗൺസിലർ പി.കെ. നാസർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ് സ്വാഗതം പറഞ്ഞു. മാർക്കറ്റിലെ വ്യാപാരികൾ, ഉന്തുവണ്ടി കച്ചവടക്കാർ, പോർട്ടർമാർ, കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, നാട്ടുകാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.