കെ റെയിൽ സർക്കാർ ഉപേക്ഷിച്ചു, കാട്ടിൽപ്പിടിക സമരം ഇനി ചരിത്രം

Thursday 21 May 2026 12:45 AM IST
കെ റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിച്ചതിനെ തുടർന്ന് കാട്ടിലപ്പീടികയിലെ കെ റെയിൽ വിരുദ്ധ സമര നായിക ഭവാനി അമ്മയ്ക്ക് സമരസമിതി ചെയർമാൻ ടി ടി ഇസ്മായിൽ മധുരം നൽകുന്നു.

കോഴിക്കോട്/കൊയിലാണ്ടി: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതോടെ ആറുവർഷം നീണ്ട സമര വിജയാഹ്ലാദത്തിൽ കോഴിക്കോട്ടെ കാട്ടിൽപ്പീടിക സമരസമിതി. ഒരുലക്ഷത്തോളം വരുന്ന ജനത്തെ കുടിയൊഴിപ്പിച്ചുള്ള കെ.റെയിലിനെതിരെ 2020 ഒക്‌ടോബർ രണ്ടിനാണ് കോഴിക്കോട്-കണ്ണൂർ ദേശീയ പാതയിൽ കാട്ടിൽപ്പിടിക പ്രദേശത്ത് ആദ്യ സമരപന്തൽ ഉയർന്നത്. മേധാ പട്ക്കർ,സന്ദീപ് പാണ്ഡെ,എസ്.പി ഉദയകുമാർ തുടങ്ങി നിരവധി പരിസ്ഥിതി പ്രവർത്തകർ അഭിവാദ്യവുമായി കാട്ടിൽപ്പീടികയിലെത്തി. സർക്കാർ, പൊലീസ് വേട്ടയാടലുകളുണ്ടായിട്ടും രാഷ്ട്രീയം മറന്ന് ജനം കൈകോർത്തു. കാട്ടിൽപ്പീടിക ഉയർത്തിയ പ്രതിഷേധം കേരളത്തിലങ്ങോളം മുഴങ്ങി. മുഖ്യമന്ത്രി വി.ഡി സതീശൻ കെ റെയിൽ പദ്ധതി ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ചതോടെ കാട്ടിൽപ്പിടികയിലെ ജനം വലിയ ആവേശത്തിലാണ്. സമരക്കാർക്കും യാത്രക്കാർക്കുമെല്ലാം മധുരം നൽകിയും പടക്കം പൊടിച്ചുമാണ് സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്തത്. കഴിഞ്ഞ ആറ് വർഷമായി സിൽവർ ലൈൻ വിരുദ്ധ സമിതി സമര രംഗത്താണ്. രാഷ്ട്രീയ പ്രതികൂല സാഹചര്യം ഉണ്ടായിരുന്നിട്ടും ഇച്ചാശക്തിയിലൂടെ മറികടന്ന് നൂറ്കണക്കിന് സ്ത്രീ-പുരുഷന്മാരും കുട്ടികളും ഒന്നിച്ചു നടത്തിയ സമരത്തിന്റെ വിജയമാണിതെന്ന് സമര സമിതി കൺവിനർ ടി.ടി ഇസ്മയിൽ പറഞ്ഞു. മലബാറിന്റ സമര ചരിത്രത്തിൽ എക്കാലവും ഓർക്കുന്ന ഒന്നായിരിക്കും കാട്ടിപ്പീടികയിലെ സിൽവർ ലൈൻ വിരുദ്ധ സമരമെന്നും ഇസ്മായിൽ പറഞ്ഞു. സമരത്തിൽ തുടക്കം മുതൽ മുൻ നിരയിൽ നിന്ന ഭവാനിയമ്മയുടെ വീട്ടിലെത്തി മധുരം നൽകിക്കൊണ്ടായിരുന്നു സമരക്കാരുടെ ആഹ്ലാദത്തിന് തുടക്കം.