എബോള കോഴിക്കോടും ജാഗ്രത
കോഴിക്കോട്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും പ്രതിരോധ മുന്നൊരുക്കം. ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന തലത്തിൽ നടന്ന ദ്രുതകർമ്മ സമിതി യോഗത്തിന്റെ ഭാഗമായാണ് ജില്ലയിലും പ്രതിരോധ നടപടികൾ ആരംഭിച്ചത്. രോഗവ്യാപന സാദ്ധ്യത മുന്നിൽ കണ്ട് കരിപ്പൂർ വിമാനത്താവളം, ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി തുറമുഖങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണവും നിയന്ത്രണ സംവിധാനങ്ങളും സജ്ജമാക്കി. ഇവിടങ്ങളിൽ എത്തുന്ന യാത്രക്കാരുടെ പരിശോധനയ്ക്കും ആവശ്യമെങ്കിൽ ഐസൊലേറ്റ് ചെയ്യുന്നതിനും തീവ്രപരിചരണ സംവിധാനങ്ങൾ ക്രമീകരിച്ചു. ലക്ഷണങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കൽ സംഘങ്ങളെയും തയ്യാറാക്കി.
ജില്ലയിലെ പ്രധാന ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രത്യേക പരിശീലനവും നൽകി. സുരക്ഷാ ഉപകരണങ്ങളും അടിയന്തര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സർക്കാർ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ആരോഗ്യ വിഭാഗവും ജില്ലാ രോഗ നിരീക്ഷണ വിഭാഗവും മെഡി.കോളേജുകളും ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ജീവനക്കാർക്ക് അണുബാധ നിയന്ത്രണം, പി.പി.ഇ കിറ്റുകളുടെ ഉപയോഗം, ചികിത്സാ പ്രോട്ടോക്കോളുകൾ, രോഗികളുടെ തീവ്രപരിചാരണം എന്നിവയിൽ പരിശീലനവും ഉറപ്പുവരുത്തും. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് തിങ്കളാഴ്ച ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ യോഗം ചേരും,
എങ്ങനെ പകരും
രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ രോഗം പകരാം. രോഗം ബാധിച്ച കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരും. രോഗം ബാധിച്ചാൽ 2 മുതൽ 21 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും.
ലക്ഷണങ്ങൾ
പനി, കടുത്ത ക്ഷീണം, ഛർദ്ദി, വയറിളക്കം, ശരീരവേദന, രക്തസ്രാവം, തൊണ്ടവേദന
''ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത പാലിക്കണം. വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുത്''-ഡോ.രാജാറാം, ഡി.എം.ഒ, കോഴിക്കോട്.