സുന്ദരം ഈ ചിറക്കര കാഴ്ചകൾ
മാനന്തവാടി: ഒരിക്കൽ പോയാൽ പിന്നെയും പിന്നെയും പോകണമെന്ന് നമ്മെ കൊതിപ്പിക്കുന്ന ഒരിടമുണ്ട് വയനാട്ടിൽ. പിങ്ക് ടാബെബൂയയും ( ഒരുതരം അലങ്കാര മരം) ഗുൽമോഹറും വാകയുമെല്ലാം പൂത്തുനിൽക്കുന്ന മാനന്തവാടിയിലെ ചിറക്കര. മനസ് കുളിർക്കുന്ന കാഴ്ചകളാണ് ഇവിടെങ്ങും. എപ്രിൽ പകുതിയായാൽ ചിറക്കര, പിലാക്കാവ്, ജെസി എന്നിവിടങ്ങളിലെ റോഡരികുകൾ പൂക്കളാൽ നിറയും. ഗുൽമോഹറിന്റെ ചുവപ്പും വാകയുടെ മഞ്ഞയും ഇടകലരുന്ന കാഴ്ച അതിമനോഹരം. തേയില തോട്ടങ്ങളും മലനിരകളും അരുവികളും ചേരുന്ന ഭൂപ്രകൃതി ടൂറിസത്തിനുള്ള അനന്ത സാദ്ധ്യതകളാണ് തുറന്നിടുന്നത്. പച്ച വിതാനിച്ച തേയില തോട്ടങ്ങളിൽ സെൽഫിയെടുക്കാനും മറ്റുമായി ഏറെപ്പേരാണ് ദിനം പ്രതി എത്തുന്നത്. തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര മറക്കാൻ കഴിയില്ല. തലപ്പുഴയിൽ നിന്നും മാനന്തവാടിയിൽ നിന്നും ഇവിടേക്ക് എത്താം. കൺകുളിരും കാഴ്ചകളാൽ സമൃദ്ധമായ പ്രദേശങ്ങളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറായാൽ ഇവിടങ്ങൾ വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമാകും തീർച്ച.