ശുദ്ധജല ക്ഷാമത്തിന് പിന്നാലെ മഞ്ഞപ്പിത്തവും അതിസാരവും വർദ്ധിക്കുന്നു

Tuesday 25 February 2025 12:45 AM IST

മലപ്പുറം: വേനലിന് മുന്നോടിയായി തന്നെ ജില്ലയിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ശുദ്ധജല ക്ഷാമം നേരിടാൻ തുടങ്ങിയതോടെ മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും വീണ്ടും വർദ്ധിക്കുന്നു. ജലജന്യ രോഗങ്ങൾക്കെതിരെ ജില്ലാ ആരോഗ്യ വകുപ്പ് മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്. ഒരാഴ്ചക്കിടെ 51 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ വേനലിന് ശേഷം കുറഞ്ഞകാലയളവിൽ ഇത്രത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മറ്റ് ചികിത്സാമാർഗങ്ങളും സ്വീകരിക്കുന്നവരുടെ എണ്ണമെടുത്താൽ ഇതിന്റെ ഇരട്ടിയിലധികമാവും. കരളിനെ ബാധിക്കുന്ന തീവ്രമായ പകർച്ചാരോഗമാണ് ഹെപ്പറ്റൈറ്റിസ്. രോഗമുള്ളവരുമായി അടുത്ത സമ്പർക്കമുണ്ടെങ്കിൽ രോഗി, രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുമ്പ് തന്നെ രോഗം പകരും. മലിനമായ ജലസ്രോതസ്സുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണം, ഐസ് , ശീതള പാനീയങ്ങൾ എന്നിവകളിലൂടെയും രോഗം പകരാം. ഹോട്ടലുകളിലും വിവാഹ സൽക്കാരങ്ങളിലും ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന കൊമേഴ്സ്യൽ ഐസിലൂടെയും രോഗം പകരാൻ സാദ്ധ്യതയുണ്ട്. അതിസാര രോഗികളുടെ എണ്ണവും വലിയ തോതിൽ കൂടിയിട്ടുണ്ട്. ഒരാഴ്ചക്കിടെ 1,383 പേർ ചികിത്സ തേടി. സമയബന്ധിതമായി ചികിത്സ തേടിയില്ലെങ്കിൽ നിർജ്ജലീകരണം വഴി രോഗം ഗുരുതരമാവാൻ സാദ്ധ്യതയുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധയേകണം.‌

ചുമയെ കരുതണം കാലാവസ്ഥ മാറ്റത്തിന് പിന്നാലെ കടുത്ത ചുമയും കഫക്കെട്ടും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്ക്. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ബുദ്ധിമുട്ടാണ് പലർക്കും അനുഭവപ്പെടുന്നത്. മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥയാകാം രോഗവ്യാപനത്തിന് വഴിയൊരുക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക പറഞ്ഞു. കൊവിഡാനന്തരം ശ്വാസകോശത്തിന് സംഭവിച്ച എന്തെങ്കിലും മാറ്റങ്ങളാണോ നീണ്ടുനിൽക്കുന്ന ചുമയ്ക്ക് കാരണം എന്നതടക്കം സംസ്ഥാന ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്. സ്ഥിരീകരിച്ച രോഗികൾക്ക് പുറമെ പലർക്കും അറിയാതെ കൊവിഡ് വന്നുപോയിട്ടുണ്ടാവും. രോഗികൾക്ക് മതിയായ വിശ്രമം കൂടി അനിവാര്യമാണെന്ന് ഡി.എം.ഒ പറഞ്ഞു.