എം.ടി.ക്ക് ആദരവായി തുഞ്ചൻ ഉത്സവം , വ്യാഴാഴ്ച തിരിതെളിയും
തിരുർ: ഇത്തവണത്തെ തുഞ്ചൻ ഉത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. അന്തരിച്ച തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.ടി.വാസുദേവൻ നായർക്ക് ആദരമായി പ്രണാമം എം.ടി എന്ന പേരിലാവും ഉത്സവം നടത്തുക.
27 മുതൽ മാർച്ച് മൂന്നുവരെയാണ് തുഞ്ചൻ ഉത്സവം . പ്രമുഖ തമിഴ് സാഹിത്യകാരിയും സാംസ്കാരിക പ്രവർത്തകയുമായ ശിവശങ്കരി 27ന് രാവിലെ പത്തിന് തുഞ്ചൻ ഉത്സവം ഉദ്ഘാടനം ചെയ്യും. വൈശാഖൻ അദ്ധ്യക്ഷത വഹിക്കും. പുസ്തകോത്സവ ഉദ്ഘാടനം എം.പി.അബ്ദു സമദാനി എം.പി.യും പ്രദർശനോദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ യും നിർവ്വഹിക്കും. മധുസുദനൻ നായർ തുഞ്ചൻ സ്മാരക പ്രഭാഷണം നടത്തും. ദ്രുതകവിതാ രചനാ മത്സരം, സാഹിത്യ ക്വിസ്, കവി സമ്മേളനം, കവിതാവതരണം എന്നിവ നടക്കും. വൈകീട്ട് 5.30ന് ചലച്ചിത്ര താരം വിനീത് തുഞ്ചൻ കലോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് എം.ടി കൃതികളുടെ നൃത്താവിഷ്കാരവും മോഹിനിയാട്ട നൃത്തശില്പവും നടക്കും.രണ്ടാം ദിവസം തുഞ്ചൻ കൃതികളുടെ പാരായണം, കേരളീയാധുനികതയും എം.ടി യുടെ നോവലുകളും എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണം. എം.ടി യുടെ നിലപാടുതറയെ ആസ്പദമാക്കി സച്ചിദാനന്ദൻ, സാറാ ജോസഫ്, എൻ.ജയരാജ്, എം.വി.നികേഷ് കുമാർ എന്നിവർ പ്രഭാഷണം നടത്തും. തുഞ്ചൻ പറമ്പിന്റെ എം.ടിയെ പറ്റി എം.എ. നാരായണൻ, കെ. ജയകുമാർ, പി.കെ. ഗോപി, എൽ. സുഷമ എന്നിവരുടെ പ്രഭാഷണവും നഖക്ഷതങ്ങൾ എന്ന സിനിമാ പ്രദർശനവും ഗസൽ സന്ധ്യയും നടക്കും. മൂന്നാം നാൾ രാവിലെ എട്ടിന് എഴുത്താണി എഴുന്നള്ളിപ്പ്, ദേശീയ സെമിനാറുകൾ, എം.ടി.യുടെ ഓപ്പോൾ സിനിമ പ്രദർശനം, നാടൻപാട്ടുകൾ. മാർച്ച് രണ്ടിന് തുഞ്ചൻ കൃതികളുടെ പാരായണം, എം.ടി. ഉള്ളതും ഇല്ലാത്തതും- സി.രാധാകൃഷ്ണൻ നടത്തുന്ന പ്രഭാഷണം, പ്രബന്ധങ്ങൾ, അക്ഷരശ്ലോകം, സാന്റ് ആർട്ട്, ഏകപാത്ര നാടകം. പെൺ നടനം. അവസാന ദിവസമായ മാർച്ച് മൂന്നിന് കാവ്യാലാപനം, സംവാദം, പ്രഭാഷണം. മലപ്പുറം ജില്ലാ കളക്ടർ വി.എർ. വിനോദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.