ചങ്ങണംകുന്നിലും കടുവയെത്തി: ജനം ഭീതിയിൽ 

Thursday 13 March 2025 1:27 AM IST

കാളികാവ്: അടയ്ക്കാക്കുണ്ട് ചങ്ങണംകുന്നിലും കടുവയെത്തിയതായി സംശയം.പാതി ഭക്ഷിച്ച നിലയിൽ പന്നിയുടെ ശരീരഭാഗം കണ്ടെത്തി. അടയ്ക്കാക്കുണ്ട് ചങ്ങണംകുന്നിലെ വീടുകൾക്ക് സമീപമാണ് കഴിഞ്ഞ ദിവസം പുലി പന്നിയെ ഭക്ഷിച്ച നിലയിൽ കണ്ടത്. കാളികാവ് അടക്കാക്കുണ്ട്, പാറശ്ശേരി,ചങ്ങണംകുന്ന് പ്രദേശവാസികൾ ഏറെ നാളായി കടുവാപേടിയിലാണ് കഴിയുന്നത്. ഇതിനകം അമ്പതോളം വളർത്തു മൃഗങ്ങളെയും ഇവിടെ നിന്ന് കാണാതായിട്ടുണ്ട്. വീട്ടുമുറ്റത്ത് കെട്ടിയിട്ട വളർത്തുപട്ടികൾ,​ ആടുകൾ എന്നിവയാണ് നഷ്ടമായിട്ടുള്ളത്.നേരംഇരുട്ടിയാൽ പുറത്തിറങ്ങാൻ കഴിയാതെ ഭയപ്പാടിലാണ് ജനം കഴിയുന്നത്. കടുവാ പേടിയിൽ ജനങ്ങളുടെ സ്വൈര ജീവിതം നശിച്ചിരിക്കുകയാണ്.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. അതി രാവിലെ റബർ ടാപ്പിംഗിനായി തോട്ടത്തിലെത്തുന്ന തൊഴിലാളികൾ കടുവാ ഭീഷണി നേരിടുന്നുണ്ട്.

രണ്ടു വർഷമായി നിരന്തരമെത്തുന്ന കടുവയെ തുരത്തുന്നതിനുള്ള കാര്യക്ഷമമായ ഒരു നടപടിയും വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.