മലപ്പുറം പെരുമ; ജില്ലയ്ക്ക് നാല് മന്ത്രിമാർ

Tuesday 19 May 2026 12:48 AM IST

മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരും നിയോജക മണ്ഡലങ്ങളുമുള്ള മലപ്പുറം ജില്ലയിൽ നിന്നും ഇത്തവണ യു.ഡി.എഫ് മന്ത്രിസഭയിലേക്കെത്തുന്നത് നാല് മന്ത്രിമാർ. മുസ്ലിം ലീഗിൽ നിന്നുള്ള പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ, കെ.എം.ഷാജി, കോൺഗ്രസിൽ നിന്നുള്ള എ.പി.അനിൽകുമാർ എന്നിവരാണ് ഇത്തവണ ജില്ലയിൽ നിന്നുള്ള മന്ത്രിമാർ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി മന്ത്രിയാകുന്ന പ്രത്യേകതയും കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനത്തിനുണ്ട്. ഇതിൽ പി.കെ.ബഷീറും കെ.എം.ഷാജിയും ആദ്യമായാണ് മന്ത്രിയാകുന്നത്. ഏറെക്കാലത്തെ ഭരണ പരിചയുമായാണ് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽ കുമാറും ഇത്തവണ മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും ഇരുവരും ഉണ്ടായിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പ്രതിനിധീകരിച്ച എൻ.ഷംസുദ്ദീൻ തിരൂർ പറവണ്ണ സ്വദേശിയാണ്.

ഒന്നാം പിണറായി സർക്കാരിൽ കെ.ടി.ജലീലും രണ്ടാം പിണറായി സർക്കാരിൽ വി.അബ്ദുറഹിമാനും മാത്രമാണ് ജില്ലയിൽ നിന്നും മന്ത്രിമാരായത്. ഒന്നാം പിണറായി സർക്കാരിൽ സ്പീക്കറായി പി.ശ്രീരാമകൃഷ്ണനുമുണ്ടായിരുന്നു. 2011ൽ ലീഗിന് അഞ്ച് മന്ത്രിമാരെ ലഭിച്ചപ്പോൾ മൂന്ന് പേർ മലപ്പുറത്തുകാരായിരുന്നു. 2004ൽ ഒന്നാം ഉമ്മൻ ചാണ്ടി സർക്കാരിൽ നാല് ലീഗ് മന്ത്രിമാരിൽ മൂന്ന് പേർ മലപ്പുറത്ത് നിന്നായിരുന്നു. 2004-06, 2011-16 മന്ത്രിസഭകളിൽ കോൺഗ്രസിൽ നിന്നു രണ്ട് പേർക്കd കൂടി അവസരം ലഭിച്ചതോടെയാണ് ജില്ലയുടെ പ്രാതിനിധ്യം അഞ്ചിലെത്തിയത്.

യു.ഡി.എഫിന് ചരിത്ര വിജയം സമ്മാനിച്ച മലപ്പുറത്തിന് പുതിയ മന്ത്രിസഭയിൽ എത്ര അംഗങ്ങളുണ്ടാകുമെന്ന ചർച്ചകളും സജീവമായിരുന്നു. കേരള ചരിത്രത്തിൽ ജില്ലയ്ക്ക് ഏറ്റവും കൂടുതൽ മന്ത്രിമാരെ ലഭിച്ചത് ഒന്നും രണ്ടും ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്തായിരുന്നു, അഞ്ച് വീതം. യു.ഡി.എഫിന് ഏറ്റവും കൂടുതൽ എം.എൽ.എമാരെ സമ്മാനിച്ച ജില്ലയ്ക്ക് അതേ പരിഗണന ലഭിക്കുമോയെന്നതിൽ ആകാക്ഷയുണ്ടായിരുന്നു. 36,32,210 വോട്ടർമാരും 16 നിയമസഭാ മണ്ഡലങ്ങളുമാണ് മലപ്പുറത്തുള്ളത്.