ജില്ലയ്ക്ക് നാല് മന്ത്രിമാർ; മാറണം വ്യവസായ മുഖം
മലപ്പുറം: യു.ഡി.എഫ് സർക്കാരിൽ വകുപ്പ് വിഭജനം പൂർത്തിയായതോടെ ജില്ലയിലെ നാല് മന്ത്രിമാർക്കും ലഭിച്ചത് സുപ്രധാന വകുപ്പുകൾ. മുസ്ലിം ലീഗിന് മൂന്ന് മന്ത്രിമാരും കോൺഗ്രസിന് ഒരുമന്ത്രിയും ജില്ലയിൽ നിന്നുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായം, ഐ.ടി വകുപ്പുകളും എ.പി.അനിൽകുമാർ- റവന്യൂ , പി.കെ.ബഷീർ-പൊതുമരാമത്ത്, കെ.എം.ഷാജി-തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ കൈകാര്യം ചെയ്യും. സമീപകാലത്തൊന്നും ഇത്രയധികം സുപ്രധാന വകുപ്പുകൾ ജില്ലയിലെ ജനപ്രതിനിധികളെ തേടിയെത്തിയിട്ടില്ല. ഏറെകാലത്തിന് ശേഷമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിസ്ഥാനം ജില്ലയിലേക്ക് എത്തുന്നത്. 1987-91കാലയളവിൽ രണ്ടാംനായനാർ മന്ത്രിസഭയിൽ ടി.കെ.ഹംസ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിട്ടുണ്ട്. പിന്നീട് 2001-06 കാലയളവിൽ ആന്റണി സർക്കാരിൽ ഡോ.എം.കെ.മുനീർ മന്ത്രിയായി. അന്ന് മലപ്പുറത്ത് നിന്നായിരുന്നു മുനീർ വിജയിച്ചത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് പി.കെ.ബഷീറിലൂടെ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധി പൊതുമരാമത്ത് വകുപ്പിന്റെ അമരത്തെത്തുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളുള്ള ജില്ലയ്ക്ക് കെ.എം.ഷാജിയുടെ തദ്ദേശ വകുപ്പ് മന്ത്രിസ്ഥാനം നേട്ടമായേക്കും. ഒന്നാം പിണറായി സർക്കാരിൽ 2016-18 കാലയളവിൽ കെ.ടി.ജലീൽ തദ്ദേശ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. 2006-11 കാലയളവിൽ വി.എസ്.അച്യുതാന്ദൻ മന്ത്രിസഭയിൽ പാലോളി മുഹമ്മദ് കുട്ടിയും തദ്ദേശവകുപ്പിന്റെ അമരത്തുണ്ടായിരുന്നു.
വ്യവസായം നട്ടെല്ലാവണം
യു.ഡി.എഫ് മന്ത്രിസഭകളിൽ ദീർഘകാലം വ്യവസായ, ഐ.ടി വകുപ്പുകളിൽ സേവനമമുഷ്ഠിച്ച പി.കെ.കുഞ്ഞാലിക്കുട്ടി അനുഭവസമ്പത്തിന്റെ കരുത്തുമായി വീണ്ടും അതേസ്ഥാനത്ത് തുടരുമ്പോൾ ജില്ലയ്ക്ക് പ്രതീക്ഷകൾ ഏറെയാണ്. അദ്ദേഹം തുടക്കമിട്ട ഇൻകെൽ വ്യവസായ പാർക്ക് ജില്ലയുടെ വ്യവസായ മേഖലയുടെ മിടിപ്പാണ്. ഐ.ടി മന്ത്രിയായിരിക്കെ മലപ്പുറത്ത് തുടക്കമിട്ട അക്ഷയ പദ്ധതി കേരളത്തിന്റെ അഭിമാന പദ്ധതിയായി. കിൻഫ്ര പാർക്കും ഇൻകെൽ സിറ്റിയും ഒഴിച്ചുനിറുത്തിയാൽ വ്യവസായ രംഗത്ത് കാര്യമായ പദ്ധതികൾ സർക്കാർ തലത്തിൽ ജില്ലയിൽ നടപ്പാക്കിയിട്ടില്ല.
വ്യവസായ വികസനത്തിന് പ്രവാസി നിക്ഷപം, മികച്ച ആഭ്യന്തര വിപണി, കരിപ്പൂർ വിമാനത്താവളം, മികച്ച റോഡ്-റെയിൽവേ ശൃഖലങ്ങൾ ഉൾപ്പെടെ അനുകൂല സാഹചര്യങ്ങൾ ഏറെയുണ്ട്. ഇടത്തരം, ചെറുകിട വ്യവസായ സംരംഭങ്ങൾ ഉയർന്നുവരുന്നുണ്ടെങ്കിലും വൻകിട വ്യവസായങ്ങളുടെ അഭാവമാണ് പ്രധാനപ്രശ്നം. ഭൂമിയുടെ ലഭ്യതയും വിലയും വെല്ലുവിളിയാണെങ്കിലും ഇതുമറികടന്ന് വ്യവസായ പാർക്കുകൾ തുടങ്ങാൻ കഴിയേണ്ടതുണ്ട്. കിൻഫ്ര ഫുഡ് പാർക്കിന്റെ വിപുലീകരണം, കോട്ടക്കൽ ആര്യവൈദ്യശാലയുടെ പെരുമയിൽ ആയുർവേദരംഗത്ത് വെൽനെസ് ടൂറിസം, ഹെർബൽ ഉത്പ്പന്നങ്ങളുടെ നിർമ്മാണം ഉൾപ്പെടെയുള്ള സാദ്ധ്യതകൾ, മര വ്യവസായത്തിന് പേരുകേട്ട നിലമ്പൂരിന്റെ ഖ്യാതി തിരിച്ചുപിടിക്കൽ, ഫർണ്ണീച്ചർ ഇൻഡസ്ട്രി, ഗൾഫിലേക്കുള്ള കയറ്റുമതി ഉൾപ്പെടെ ജില്ലയുടെ സാദ്ധ്യതൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ തുടങ്ങിയവ ആവിഷ്ക്കരിക്കപ്പെടേണ്ടതുണ്ട്. പൊന്നാനി തുറമുഖം യാഥാർത്ഥ്യമായാൽ ജില്ലയുടെ വ്യവസായഭൂപ്പടമുൾപ്പെടെ മാറ്റിമറിക്കപ്പെട്ടേക്കാം.
വേണം അടിസ്ഥാന സൗകര്യങ്ങൾ
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൂടിയായ എ.പി.അനിൽകുമാറിലൂടെ ജില്ലയ്ക്കുള്ള സമ്മാനം കൂടിയാണ് റവന്യൂ വകുപ്പ്. നേരത്തെ ജില്ലയിൽ നിന്ന് റവന്യൂ വകുപ്പ് മന്ത്രിയുണ്ടായിട്ടില്ല. ടൂറിസം മന്ത്രിയായിരിക്കെ കോട്ടക്കുന്ന് നവീകരണത്തിലും വികസനത്തിലും എ.പി.അനിൽകുമാർ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇക്കാലയളവിലാണ് കോട്ടക്കുന്ന് മലപ്പുറത്തിന്റെ മറൈൻഡ്രൈവെന്ന വിശേഷണത്തിലേക്ക് ഉയർന്നത്.
ജനസംഖ്യാനുപാധികമായി താലൂക്കുകളും വില്ലേജ് ഓഫീസുകളും ഇല്ലാത്തതാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളി. ഏഴ് താലൂക്കുകളും 138 വില്ലേജുകളുമാണ് ജില്ലയിലുള്ളത്. മറ്റ് ജില്ലകളിൽ 20,000 പേർക്ക് ഒരുവില്ലേജ് എങ്കിലും മലപ്പുറത്ത് ഇത് 30,000 പേർക്കാണ്. ഭൂമി സംബന്ധമായ പ്രശ്നങ്ങളും പരാതികളും ഉൾപ്പെടെ തീർപ്പാക്കുന്നതിൽ ഇത് വലിയ കാലതാമസത്തിന് ഇടയാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ജീവനക്കാരുടെ കുറവ്, ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസം എന്നിവ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഡിജിറ്റൽ റീസർവേ പ്രവൃത്തികൾ ഇപ്പോഴും മന്ദഗതിയിലാണ്. പരാതികൾ യഥാവിധി പരിഹരിക്കപ്പെടുന്നില്ല. മിക്ക റവന്യൂ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെങ്കിലും വില്ലേജ് ഓഫീസുകളിലെ അസൗകര്യങ്ങൾ മൂലം പലയിടങ്ങളിലും നടപ്പായിട്ടില്ല. റവന്യൂ വകുപ്പിന്റെ അമരത്തേക്ക് എ.പി.അനിൽകുമാർ എത്തുമ്പോൾ ജില്ലയ്ക്ക് പ്രതീക്ഷകൾ ഏറെയാണ്.