വിദ്യാലയങ്ങൾ സജ്ജം; ഫിറ്റ്നസ് പരിശോധന പൂർത്തിയായി

Sunday 31 May 2026 12:49 AM IST
ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗം

മലപ്പുറം: പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ജില്ലയിലെ സ്‌കൂളുകൾ സജ്ജമാണെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ജില്ലാ വികസന സമിതി യോഗം എ.ഡി.എം സി.എസ്.രാജേഷിന്റെ അദ്ധ്യക്ഷതയിലാണ് നടന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സ്‌കൂൾ ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയായിട്ടുണ്ട്. ചുരുക്കം ചിലയിടങ്ങളിൽ ചെറിയ രീതിയിലുള്ള അപാകതകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ ഞായറാഴ്ചയോടെ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണം 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. വർക്ക് ബുക്ക്, ഐ.ടി ബുക്ക് ചിലയിടങ്ങളിൽ നൽകാനുണ്ട്. ഇവയുടെ വിതരണം ആദ്യ ആഴ്ചയിൽ പൂർത്തിയാക്കുമെന്നും യോഗത്തിൽ അറിയിച്ചു. എം.എൽ.എമാരായ ടി.പി ഇബ്രാഹിം, ടി.പി.അഷ്റഫലി എന്നിവരാണ് ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്.

ഡ്രൈനേജ് നിർമ്മിക്കും കനത്ത മഴയെത്തുടർന്ന് ദേശീയപാത 66ൽ സർവീസ് റോഡ് തകരുകയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്ത പുത്തനത്താണി, ഉണ്ണിയാൽ, ചുങ്കം പ്രദേശങ്ങളിൽ ഡ്രൈനേജ് നിർമ്മാണത്തിന് നടപടി ആരംഭിച്ചതായി ദേശീയപാത പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. അപകടാവസ്ഥ പരിഹരിക്കുന്നതിനായി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള നിർമ്മാണ ഫണ്ടായ 12.87 കോടി രൂപ ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ടെന്നും പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. മഴക്കാലത്ത് വെള്ളം വീടുകളിലേക്കൊഴുകി ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. ദേശീയപാതയിൽ അശാസ്ത്രീയമായ ഡ്രെയിനേജ് നിർമാണം മൂലമുണ്ടാകുന്ന പ്രയാസങ്ങൾ സ്ഥല പരിശോധന നടത്തി പരിഹരിക്കണമെന്ന് ടി.വി.ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടു.

പ്രതിരോധം ശക്തമാക്കും മഴക്കാല രോഗങ്ങൾ പടരാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പി.കെ.നവാസ് എം.എൽ.എയുടെ ചോദ്യത്തിന് മറപടിയായി ഡി.എം.ഒ അറിയിച്ചു. സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇപ്പോൾ ജില്ലയിൽ കൂടുതൽ ഭീഷണിയായ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുവെന്നും ഇതു സംബന്ധിച്ച നിർദേശം ദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു. എം.എൽ.എമാരായ എം.റഹ്മത്തുള്ള, ടി.പി.അഷ്റഫലി, വി.എസ്.ജോയ്, ജില്ലാ പ്ലാനിങ് ഓഫീസർ ടി.വി.ഷാജു, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.