അണിഞ്ഞൊരുങ്ങാൻ മലപ്പുറം; സൗന്ദര്യവൽക്കരണം പുനരാരംഭിച്ചു

Sunday 31 May 2026 12:52 AM IST

മലപ്പുറം: മലപ്പുറം ജില്ലാ ആസ്ഥാനത്തിന്റെ സൗന്ദര്യവൽക്കരണ നടപടികൾ പുനരാരംഭിച്ചു. മലപ്പുറം കുന്നുമ്മൽ, കോട്ടപ്പടി ടൗൺ ജംഗ്ഷനുകളിലെ സൗന്ദര്യവത്കരണമാണ് കഴിഞ്ഞ ആഴ്ചയോടെ ആരംഭിച്ചത്. ഈ വർഷം ജനുവരിയിൽ ആരംഭിച്ച് ഏപ്രിലോടെ പൂർത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും ചിലയിടങ്ങളിൽ കൈയേറ്റം സംബന്ധിച്ച സംശയങ്ങൾ ഉയർന്നതും ഇതരസംസ്ഥാന തൊഴിലാളികൾ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാട്ടിൽ പോയതുമാണ് പ്രവൃത്തി വൈകാൻ കാരണമായതെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. നിലവിൽ അലങ്കാര വിളക്കുകളുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ദേശീയപാതയിൽ എം.എസ്.പി ക്യാംപ് മുതൽ മച്ചിങ്ങൽ ജംഗ്ഷൻ വരെ അലങ്കാര വിളക്കുകൾ സ്ഥാപിക്കും. ഡിവൈഡറുകൾ ഇല്ലാത്ത ഭാഗങ്ങളിൽ റോഡരികിലാണ് വിളക്ക് കാലുകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ മാർച്ച് രണ്ടിന് അലങ്കാര വിളക്കുകൾ സ്ഥാപിക്കാനായി കിഴക്കേത്തലയിൽ കുഴികളെടുത്തെങ്കിലും പണി നിർത്തിവെച്ചതിനാൽ അവിടങ്ങളിലെല്ലാം ചെടികൾ നിറഞ്ഞു.

2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപയാണ് പദ്ധതിക്കായി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ടെണ്ടർ നടപടികൾ ജനുവരി ആദ്യവാരത്തോടെ പൂർത്തിയായിരുന്നു. അനുവദിച്ച അഞ്ചുകോടി രൂപയിൽ നാല് കോടി രൂപയുടെ സിവിൽ പ്രവൃത്തികളും ഒരുകോടിയുടെ അലങ്കാര വിളക്കുകളുമാണ് സ്ഥാപിക്കേണ്ടത്. മലപ്പുറം-മഞ്ചേരി റോഡ്, മൂന്നാംപടി-ജൂബിലി റോഡ്, സിവിൽ സ്റ്റേഷൻ-മുനിസിപ്പൽ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചാവും ആദ്യഘട്ടം. രണ്ടാംഘട്ടം പെരിന്തൽമണ്ണ റോഡിൽ പ്രവൃത്തി ആരംഭിക്കും. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിനാണ് പദ്ധതിയുടെ നിർവഹണ ചുമതല.

വിഭാവനം ചെയ്ത പദ്ധതികൾ

ജംഗ്ഷനിൽ സ്തൂപങ്ങൾ, റോഡുകൾ ബി.എം ആന്റ് ബി.സി ചെയ്യൽ, ജൂബിലി റോഡിൽ ഇന്റർലോക്ക് പതിച്ച നടപ്പാത, അലങ്കാര വിളക്കുകൾ, ഇരിപ്പിടങ്ങൾ, ഓപ്പൺ സ്റ്റേജ്, നടപ്പാതകൾക്ക് കൈവരികൾ, ബസ് ബേ, ഡിവൈഡറുകളിലും സർക്കിളുകളിലും പുൽത്തകിടി.

പദ്ധതിക്ക് അനുവദിച്ചത് - അഞ്ച് കോടി

നഗര സൗന്ദര്യവത്ക്കരണ പദ്ധതി ഏത്രയും വേഗം തീർക്കുകയാണ് ലക്ഷ്യം.

മലപ്പുറം നഗരസഭാ ചെയർപേഴ്സൺ, റിനീഷ റഫീഖ്