ക​ളി​മ​ൺ​ ​പാ​ത്ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേറുന്നു

Wednesday 22 January 2025 12:09 AM IST

പാലക്കാട്: കാലത്തിനനുസരിച്ച് കോലം മാറിയെത്തുകയാണ് കളിമൺ പാത്രങ്ങൾ. പുഴമീൻ കറിയുടെ സ്വാദ് ചോർന്ന് പോകാതിരിക്കാനും ആരോഗ്യകരമായ പാചകത്തിനും കളിമൺ ചട്ടിയാണ് ഉത്തമമെന്ന് തിരിച്ചറിഞ്ഞ് മൺചട്ടികൾക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്. കൊതുകിനെ പുകച്ചു പുറത്താക്കാനുള്ള ധൂപചട്ടി മുതൽ വീട്ടിലെ അലങ്കാര വസ്തുക്കൾ വരെ കളിമണ്ണിൽ തീർക്കുന്നുണ്ട്. കുടവും കലവും കറിച്ചട്ടിയും ചെടിച്ചട്ടിയും മാത്രം നിർമ്മിച്ചിരുന്ന മൺപാത്ര വ്യവസായ വിപണന മേഖലയ്ക്ക് പുത്തൻ ഉണർവാണിത്. കണ്ണഞ്ചിക്കുന്ന നിറങ്ങളിൽ ചെടിച്ചട്ടികളും ഡിന്നർ സെറ്റുകളും വിപണിയിലുണ്ട്. പുതിയ വീടുകൾ നിർമ്മിക്കുന്നവരാണ് ഇത്തരം ഉൽപന്നങ്ങളുടെ ആവശ്യക്കാർ.

കിട്ടാനില്ല, കളിമണ്ണ് കളിമൺ പാത്രങ്ങൾക്ക് ആവിശ്യക്കാരേറെയുണ്ടെങ്കിലും ആവശ്യത്തിന് കളിമണ്ണ് കിട്ടാത്തതിൽ വലഞ്ഞിരിക്കുകയാണ് നിർമ്മാണ തൊഴിലാളികൾ. മൂന്ന് ലക്ഷം രൂപ വരെയാണ് ഒരു ലോഡ് കളിമണ്ണിന് നൽകുന്നത്. കർണാടക, ബാംഗ്ലൂർ തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കളിമണ്ണെത്തുന്നത്. അങ്ങനെ മണ്ണ് വാങ്ങി നിർമ്മിച്ച് മാർക്കറ്റിൽ വിൽക്കുമ്പോൾ അധ്വാനം മാത്രം ബാക്കിയാവുകയാണെന്നും നിത്യചെലവിനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പരാതിപ്പെട്ടു. നിറയെ പാടങ്ങളും കളിമണ്ണ് ശേഖരവുമുണ്ടായിരുന്ന നാട്ടിൽ കളിമണ്ണ് സുലഭമായിരുന്നു അന്നൊക്കെ. ഇപ്പോഴും മണ്ണ് കിട്ടാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒട്ടേറെയുണ്ട്. എന്നാൽ ഇപ്പോൾ അവയിൽ തൊടുന്നതിന് ശക്തമായ വിലക്കുകളാണ്. കാലങ്ങളായി കളിമണ്ണ് ശേഖരിച്ചിരുന്ന ഇടങ്ങളിൽ നിന്നുപോലും മണ്ണെടുക്കാൻ അനുമതിയില്ല. റവന്യൂ വകുപ്പും ജിയോളജി വകുപ്പും പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിലാണ് കളിമൺ ഖനനത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കളിമൺ വ്യവസായത്തെ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ വഴിയാധാരമാകുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇനിയും പ്രതിസന്ധി രൂക്ഷമായാൽ ഈ കുല തൊഴിൽ നിന്നു പോകുന്ന സാഹചര്യമാണ്. അനുമതിക്കു വേണ്ടി നിരന്തരം സർക്കാറിന് നിവേദനം നൽകുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

നൗഷാദ്, തൊഴിലാളി.