നഷ്ടക്കണക്കിൽ കറുത്ത പൊന്ന്: മനം തകർന്ന് കർഷകർ
വടക്കഞ്ചേരി: വിളവെടുപ്പ് തുടങ്ങിയെങ്കിലും കുരുമുളക് ഇത്തവണ കർഷകർക്ക് നഷ്ടകണക്കാണ്. വടക്കഞ്ചേരി, കിഴക്കഞ്ചേരി മലയോര മേഖലയിൽ കുരുമുളകു വിളവെടുപ്പ് തുടങ്ങിയെങ്കിലും കർഷകർക്ക് മനം തകർന്ന അവസ്ഥ. ഇത്തവണ ഉത്പാദനം 30 ശതമാനം കുറഞ്ഞതായി കർഷകർ പറയുന്നു. ഒരു ചെടിയിൽ നിന്നുള്ള കുരുമുളക് ഉണക്കിയെടുക്കമ്പോൾ ഒന്നരക്കിലോഗ്രാം ലഭിച്ചിരുന്നത് ഇത്തവണ ഒരു കിലോഗ്രാമായെന്ന് കർഷകനും ഗ്രാമ പഞ്ചായത്ത് അംഗവുമായ റോയ് പറഞ്ഞു. കുരുമുളക് തിരിയിടുന്ന സമയത്ത് മഴലഭിച്ചത് അനുഗ്രഹമായെങ്കിലും പിന്നീട് മഴ ലഭിക്കാതിരുന്നതാണ് തിരിച്ചടിയായത്. ചെടികളിൽ നന്നായി തിരിയിട്ടെങ്കിലും മഴക്കുറവിനെത്തുടർന്ന് മിക്ക തിരികളും കായപിടിക്കാതെ കൊഴിഞ്ഞു പോവുകയായിരുന്നു. കഴിഞ്ഞവർഷം കുരുമുളക് തിരിയിടുന്ന സമയത്ത് മഴ ലഭിക്കാതിരുന്നത് ഉത്പാദനത്തെ ബാധിച്ചിരുന്നു. തുടർച്ചയായ വർഷങ്ങളിൽ കാലാവസ്ഥാ മാറ്റത്തെത്തുടർന്ന് ഉത്പാദനം കുറയുന്നത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. കിഴക്കഞ്ചേരിയിലെ പാലക്കുഴിയിൽ 300ഓളം കർഷകരുടെ പ്രധാന വരുമാനമാർഗം കുരുമുളകാണ്. ഉത്പാദനക്കുറവിനു പുറമേ കൂലി കൂടിയതും തിരിച്ചടിയായി. കഴിഞ്ഞവർഷം 700 രൂപ കൂലിയായിരുന്നത് ഈവർഷം 800 രൂപയായെന്ന് കർഷകർ പറഞ്ഞു. അതിനുപോലും ആളെ കിട്ടാതെ പങ്കിന് കുരുമുളക് പറിക്കാൻ കരാർ കൊടുക്കുകയാണ്. ആകെ കിട്ടുന്നതിന്റെ പകുതി കർഷകനും പകുതി പണിക്കാരനും. ഇത്തവണ വളത്തിന്റെ വിലവർദ്ധനയും കർഷകരെ പ്രതിസന്ധിയിലാക്കി. കാട്ടുപന്നിശല്യവും കർഷകർക്ക് തലവേദനയാകുന്നുണ്ട്. കുരുമുളകുചെടിയുടെ ചുവടുകൾ കുത്തിമറിക്കുന്നതിനാൽ കാട്ടുപന്നികൾ ചെടിനശിപ്പിക്കുന്ന സ്ഥിതിയാണ്. കുരുമുളക് കൃഷി വികസനത്തിനായി പാലക്കുഴിയിൽ ക്ലസ്റ്റർ രൂപവത്കരിച്ച് കൃഷിഭവൻ മുഖാന്തരം മൂന്നുവർഷത്തേക്ക് വളം വിതരണംചെയ്യുന്ന പദ്ധതി ആരംഭിച്ചെങ്കിലും ഒരുവർഷം മാത്രമാണ് ലഭിച്ചത്. കുരുമുളകുവില കഴിഞ്ഞ വർഷത്തേക്കാൾ അൽപ്പം കൂടുതലുള്ളത് മാത്രമാണ് ആശ്വാസം. ഒരു കിലോഗ്രാം കുരുമുളകിന് 610 രൂപയാണ് ഇന്നലത്തെ വില.