പെരുന്നാൾ കച്ചവടത്തിനൊരുങ്ങി കുഴൽമന്ദം കന്നുകാലിച്ചന്ത

Saturday 29 March 2025 1:52 AM IST
കുഴൽമന്ദം കന്നുകാലിച്ചന്ത(ഫയൽ ചിത്രം)​

കുഴൽമന്ദം: ചെറിയ പെരുന്നാളിനെ വരവേൽക്കാൻ നാടൊരുങ്ങുമ്പോൾ പ്രതീക്ഷയോടെ കുഴൽമന്ദം കന്നുകാലിച്ചന്തയും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ കന്നുകാലിച്ചന്തകളിൽ ഒന്നാണ് കുഴൽമന്ദം. ബലിപെരുന്നാളിനാണ് കന്നുകാലിച്ചന്തകളിൽ കച്ചവടം പൊടിപൊടിക്കുന്നതെങ്കിലും ചെറിയ പെരുന്നാളിനും മെച്ചപ്പെട്ട കച്ചവടം നടക്കാറുണ്ട്. പാലക്കാട് ജില്ലയിൽ കുഴൽമന്ദത്തിനു പുറമെ വാണിയംകുളം, കോങ്ങാട്, അലനല്ലൂർ എന്നിവിടങ്ങളിലും കന്നുകാലിച്ചന്തകളുണ്ട്. എന്നാൽ, കോടികളുടെ കച്ചവടം നടക്കുന്നത് കുഴൽമന്ദത്തും വാണിയംകുളത്തുമാണ്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുമാണ് ജില്ലയിലെ കന്നുകാലിച്ചന്തകളിലേക്ക് ഉരുക്കളെത്തുന്നത്. സാധാരണ ദിവസത്തെ കന്നുകാലിച്ചന്തകളിൽ എത്തുന്നതിനേക്കാൾ കൂടുതൽ കന്നുകാലികൾ പെരുന്നാളിനു മുമ്പത്തെ ചന്തയിലെത്താറുണ്ട്. ജില്ലയ്ക്ക് അകത്തുനിന്നുള്ള വ്യാപാരികൾക്ക് പുറമെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നും കുഴൽമന്ദം, വാണിയംകുളം ചന്തകളിലേക്ക് വ്യാപാരികളെത്താറുണ്ട്. കോങ്ങാട് തിങ്കളാഴ്ചയും വാണിയംകുളത്ത് വ്യാഴാഴ്ചയും കുഴൽമന്ദത്ത് ശനിയാഴ്ചയുമാണ് ചന്ത നടക്കാറുള്ളത്. പെരുന്നാൾ വിപണിയിൽ കുഴൽമന്ദം വാണിയം ചന്തകളിൽ 100 - 120 കോടി രൂപയുടെ വ്യാപാരമാണ് നടക്കാറുള്ളത്. ഒരു കിലോ ബീഫിന് ഇപ്പോൾ 360 - 380 രൂപയാണെന്നിരിക്കെ പെരുന്നാളിനോടനുബന്ധിച്ച്ല വിലയിനിയും ഉയരാൻ സാദ്ധ്യതയുണ്ട്. ഇരുപതിനായിരം രൂപ മുതൽ 75000 രൂപ വരെയുള്ള ഉരുക്കൾ സാധാരണ ചന്തകളിലെത്തുമെങ്കിലും ഒന്നരലക്ഷം വരെയുള്ള ഭീമൻ ഉരുക്കൾ വരെ പെരുന്നാൾ വിപണിയോട് അനുബന്ധിച്ച് ചന്തയിലെത്താറുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന കന്നുകാലി ലോഡുകൾ തട്ടിയെടുക്കുന്ന സംഘങ്ങൾ ദേശീയപാതകളിൽ സജീവമായതും കന്നുകാലി വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്രതിവർഷം കോടികളുടെ കച്ചവടമാണ് ഓരോ കന്നുകാലിച്ചന്തകളിലും നടക്കുന്നതെന്നിരിക്കെ പഞ്ചായത്തിനും ലക്ഷങ്ങൾ വരുമാനം ലഭിക്കുമ്പോൾ ചന്തകളിലെത്തുന്നവർക്ക് ദുരിതങ്ങൾ മാത്രമാണ്. പെരുന്നാൾ വിപണിയിൽ വ്യാഴാഴ്ച വാണിയംകുളം ചന്തയിലും മെച്ചപ്പെട്ട കച്ചവടമാണ് നടന്നതെന്നതിനാൽ ഇന്നത്തെ കുഴൽമന്ദം കന്നുകാലിച്ചന്തയിലും കച്ചവടം പൊടിപാറുമെന്ന പ്രതീക്ഷയിലാണ് വ്യപാരികളും.