കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ പാർക്കിംഗ് വേണ്ട

Saturday 09 May 2026 1:53 AM IST
പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്

പാലക്കാട്: വളരെ തിരക്കേറിയ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം തടസപ്പെടുത്തുന്ന തരത്തിലുള്ള അനധികൃത പാർക്കിംഗ് കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മുനിസിപ്പൽ സെക്രട്ടറിക്കും അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടിനും നിർദ്ദേശം നൽകി. പാലക്കാട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ മുഹമ്മദ് റാഫി സമർപ്പിച്ച പരാതിയിലാണ് നടപടി. ഡി.ടി.ഒ, എ.സി.പി, മുനിസിപ്പൽ സെക്രട്ടറി എന്നിവർ റപ്പോർട്ട് സമർപ്പിച്ചു. ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട്, മുൻസിപ്പൽ സെക്രട്ടറി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവരുടെ സംയുക്ത യോഗം ജില്ലാ കളക്ടർ വിളിച്ചുചേർത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണം. കൂടുതൽ പരാതിയുണ്ടെങ്കിൽ ജില്ലാ കളക്ടർക്ക് എഴുതി നൽകാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

 അനധികൃത കച്ചവടവും ഒഴിപ്പിക്കും

കെ.എസ്.ആർടി.സി പരിസരത്ത് യാത്രക്കാരുടെ വിശ്രമസ്ഥലങ്ങൾ കൈയേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കണമെന്നും കമ്മിഷൻ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടണം. ബസ് സ്റ്റാൻഡിന് മുന്നിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കുന്നതായി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് അറിയിച്ചു. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് പിന്നിൽ മാത്രമാണ് ഓട്ടോ സ്റ്റാന്റ് അനുവദിച്ചിരിക്കുന്നതെന്ന് മുനിസിപ്പൽ സെക്രട്ടറിയും അറിയിച്ചു. പ്രവേശന കവാടത്തിന് സമീപമുള്ള സ്റ്റാൾ പൊളിച്ചു നീക്കിയെന്നും സ്ഥലം കൈയ്യേറരുതെന്ന് സ്റ്റാൾ ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ കമ്മിഷനെ അറിയിച്ചു.