സൂപ്പർ ഹിറ്റായി പാലക്കാട്- നെല്ലിയാമ്പതി മിനി സർവീസ്
പാലക്കാട്: 84 രൂപയുണ്ടെങ്കിൽ പാലക്കാട് ഡിപ്പോയിൽ നിന്നും കെ.എസ്.ആർ.ടി.സിയിൽ ദിവസേന കോടമഞ്ഞും തണുപ്പും നിറഞ്ഞ നെല്ലിയാമ്പതിയിലെത്താം. സർവ്വീസ് തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോഴേക്കും സൂപ്പർ ഹിറ്റായി പാലക്കാട്- നെല്ലിയാമ്പതി മിനി സർവീസ്. മൂന്ന് മിനി സർവീസുകളാണ് ജില്ലയ്ക്ക് അനുവദിച്ചിരുന്നത്. പാലക്കാട് - നെല്ലിയാമ്പതി, ധോണി- എസ്.എൻ കോളേജ്, ഒലവക്കോട് -മെഡിക്കൽ കോളേജ് എന്നിവയാണിവ. ഇതിൽ വിജയമായത് പാലക്കാട്- നെല്ലിയാമ്പതി സർവ്വീസ് മാത്രം. മറ്റു സർവ്വീസുകൾ ലാഭത്തിലല്ലാത്തതിനാൽ നിറുത്തിവച്ചു. അതിൽ ധോണി - എസ്.എൻ കോളേജ് സർവ്വീസ് സ്കൂൾ തുറന്നാൽ പുനഃരാരംഭിക്കും. പാലക്കാട്- നെല്ലിയാമ്പതി മിനി സർവീസിൽ നിന്നും ഏകദേശം 7,000 രൂപയാണ് ദിവസേന ലഭിക്കുന്നത്. മേയ് ഒന്നു മുതൽ 17 വരെ മിനി സർവീസ് നേടിയ വരുമാനം 81,523 രൂപയാണ്. കൊടുവായൂർ-പല്ലാവൂർ-നെന്മാറ-പോത്തുണ്ടി വഴി നെല്ലിയാമ്പതിൽ എത്തുന്നതാണ് ബസ് റൂട്ട്. രാവിലെ 8.30 ന് പാലക്കാട് ഡിപ്പോയിൽ നിന്നും സർവ്വീസ് തുടങ്ങും. മിനി സർവീസാണെങ്കിലും ഉല്ലാസത്തിനൊട്ടും കുറവില്ല. ബസ്സിൽ സൗണ്ട് സിസ്റ്റവും ടി.വിയുമുണ്ട്. വിദ്യാർത്ഥികൾക്ക് കൺസഷനും അനുവദിച്ചിട്ടുണ്ട്. നിലവിൽ 68 വിദ്യാർത്ഥികൾക്കാണ് കൺസഷൻ അനുവദിച്ചത്. പ്ലസ് ടു വരെ വിദ്യാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സി.യിൽ യാത്ര സൗജന്യമാണ് . ഡിജിറ്റൽ കാർഡിനായി 100 രൂപയും പ്രോസസിംഗ് ചാർജ് 10 രൂപയും നൽകിയാൽ മതി.
ബഡ്ജറ്റ് ടൂറിസവും ഹിറ്റ് പാലക്കാട് നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസവും ഹിറ്റുതന്നെ. കഴിഞ്ഞ മാസം നൊല്ലിയാമ്പതി, ആലപ്പുഴ-കുട്ടനാട്, ഗവി, ഗുരുവായൂർ, ഇല്ലിക്കൽകല്ല് , മട്ടാഞ്ചേരി, മൂന്നാർ മാമലക്കണ്ടം, നിലമ്പൂർ, സൈലന്റ് വാലി എന്നിവിടങ്ങളിലേക്കായിരുന്നു ഉല്ലാസയാത്രകൾ. ഇതിലൂടെ ജില്ല നേടിയ വരുമാനം 22,49,941 രൂപയാണ്. പാലക്കാട് യൂണിറ്റിന് മാത്രം ലഭിച്ചത് 11,80,981 രൂപ. ഇതുവഴി ആകെയുള്ള 93 യൂണിറ്റുകളിൽ വരുമാനത്തിൽ 12ാം സ്ഥാനത്തെത്താൻ പാലക്കാടിനായി. മണ്ണാർക്കാട് 8,03,700 രൂപയും, ചിറ്റൂർ 2,65,260 രൂപയുമാണ് ഉല്ലാസയാത്രയിലൂടെയുണ്ടാക്കിയ വരുമാനം. ഗുരുവായൂർ യാത്രയുടെ ബുക്കിംഗാണ് വളരെ വേഗം പൂർത്തിയാകുന്നത്. ഗുരുവായൂരിലെത്തിയാൽ വരി നിൽക്കാതെ ദർശനം നടത്താമെന്നുള്ളതാണ് സർവ്വീസിന്റെ പ്രത്യേകത. ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഫോൺ: 9447837985, 9497632426