ഉന്നതവിദ്യാഭ്യാസത്തിന് പാലക്കാട് സീറ്റുകളേറെ
പാലക്കാട്: പുതിയ അദ്ധ്യയന വർഷത്തിലേക്ക് കാലെടുത്ത് വെയ്ക്കാൻ തയ്യാറെടുക്കുകയാണ് വിദ്യാർത്ഥികൾ. പ്ലസ് ടു വിജയിച്ചവർക്ക് ഉന്നതപഠനത്തിന് തിരഞ്ഞെടുക്കാൻ നിരവധി കോഴ്സുകളാണ് പാലക്കാട് ജില്ലയിലുള്ളത്. ഈ വർഷം ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിജയിച്ചവർ 23,090 ആണെന്നിരിക്കെ 40,000 സീറ്റുകളാണ് സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി ജില്ലയിലാകെയുള്ളത്. ആർട്സ് ആൻഡ് സയൻസ്, എൻജിനിയറിംഗ്, മെഡിക്കൽ, സ്‌പെഷ്യലൈസ്ഡ് കോളേജുകൾ എന്നിവയ്ക്ക് പുറമെ പോളിടെക്നിക് കോളേജുകളുമുണ്ട്.
ആർട്സ് ആൻഡ് സയൻസ് കോളേജുകൾ
ചിറ്റൂർ ഗവ. കോളേജ്, ശ്രീനീലകണ്ഠ ഗവ. സംസ്‌കൃത കോളേജ്, പട്ടാമ്പി ഗവ. കോളേജ്, കൊഴിഞ്ഞാമ്പാറ രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ. കോളേജ്, അട്ടപ്പാടി ഗവ. കോളേജ്, തൃത്താല ഗവ. കോളേജ്, പത്തിരിപ്പാല ഗവ. കോളേജ് എന്നിങ്ങനെ ഏഴ് സർക്കാർ കോളേജുകളും എയ്ഡഡ് മേഖലയിൽ 10 കോളേജുകളും സ്വാശ്രയ മേഖലയിൽ 48 കോളേജുകളുമുണ്ട്. കലിക്കറ്റ് സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് വിഷയങ്ങളിൽ ബിരുദ വിദ്യാഭ്യാസം നൽകുന്ന 70 സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ സർക്കാർ കോളേജുകളിൽ ആകെ 4,200 സീറ്റുകളും എയ്ഡഡ് കോളേജുകളിൽ 6,000 സീറ്റുകളും സ്വാശ്രയ കോളേജുകളിൽ 19,000 സീറ്റുകളുമുണ്ട്. ആർട്സ് ആൻഡ് സയൻസ് വിഭാഗത്തിൽ 29,200 സീറ്റുണ്ട്. അഫിലിയേറ്റഡ് സെന്ററുകളിൽ 7,000 സീറ്റുകൾ വേറെയുമുണ്ട്.
എൻജിനിയറിംഗ് കോളേജുകൾ
ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിംഗ് കോളേജാണ് സർക്കാർ ഉടമസ്ഥതയിലുള്ളത്. അകത്തേത്തറ എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജാണ് എയ്ഡഡ് മേഖലയിലുള്ളത്. ഇരു കോളേജുകളിലുമായി 650 സീറ്റുണ്ട്. 11 സ്വാശ്രയ കോളേജുകളുമുണ്ട്. 3,300 സീറ്റുകളുണ്ട്. കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എൻജിനിയറിംഗ് എന്നീ വിഭാഗങ്ങളിലാണ് സീറ്റുകളുള്ളത്.
മറ്റ് പ്രൊഫഷണൽ കോഴ്സുകൾ
ആരോഗ്യ സർവകലാശാലയുടെ കീഴിൽ രജിസ്റ്റർ ചെയ്ത നഴ്സിംഗ് കോളേജുകൾ, ഡി ഫാം, ബി ഫാം കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയും ജില്ലയിലുണ്ട്. പട്ടാമ്പി കാർഷിക സർവകലാശാലാ കേന്ദ്രത്തിനുകീഴിൽ കൃഷിയുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകളും ലഭ്യമാണ്. കൂടാതെ യു.ഐ.ടി, ഐ.എച്ച്.ആർ.ഡി എന്നിവയ്ക്കുകീഴിൽ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ വേറെയുമുണ്ട്.