പെരിങ്ങരയിലെ തോടുകളിൽ പോള നിറഞ്ഞു, ഒഴുക്ക് നിലച്ചു

Sunday 26 January 2025 12:17 AM IST
പോളനിറഞ്ഞു നീരൊഴുക്ക് നിലച്ച വേങ്ങൽ തോട്

തിരുവല്ല : പോളയും മാലിന്യങ്ങളും നിറഞ്ഞതോടെ പെരിങ്ങര പഞ്ചായത്തിലെ ഭൂരിഭാഗം തോടുകളിലെയും ഒഴുക്ക് നിലച്ചു. അപ്പർകുട്ടനാടൻ പാടശേഖരങ്ങളിലെ നെൽക്കർഷകർ ആശങ്കയിലുമായി. നെൽച്ചെടികൾക്ക് ഒന്നര മാസത്തോളം പ്രായമായ സാഹചര്യത്തിൽ രാസവളവും കീടനാശിനിയും പ്രയോഗിക്കേണ്ടതാണ്. അതിനാൽ ജലം നന്നായി ആവശ്യമാണ്. തോടുകളിലെ നീരൊഴുക്ക് നിലച്ചതോടെ വെള്ളം എത്തിക്കാൻ മാർഗമില്ല. പെരുന്തുരുത്തി കിഴക്ക്, വേങ്ങൽ, വേങ്ങൽ ഇരുകര, പാരൂർ കണ്ണാട്ട്, കൈപ്പാല കിഴക്ക്, പടിഞ്ഞാറ്, പാണാകരി, കരിഞ്ചെമ്പ്, പടവിനകം എ,ബി എന്നീ പാടശേഖരങ്ങളിലെല്ലാം കൃഷി ചെയ്തവർ ഭീതിയിലാണ്. പമ്പ, മണിമല നദികളിലെ ജലനിരപ്പ് താഴ്ന്നതോടെ ഇടത്തോടുകളും വറ്റി. ശരിയായ രീതിയിൽ ബണ്ടുകെട്ടി ബലപ്പെടുത്താതിനാൽ തിട്ടയിടിഞ്ഞ് തോടുകളുടെ ആഴംകുറഞ്ഞു.

തോട് സംരക്ഷണമില്ല പെരിങ്ങര പഞ്ചായത്തിലെ ഓൾഡ് മാർക്കറ്റ്, ന്യു മാർക്കറ്റ്, വേങ്ങൽ, ഇടിഞ്ഞില്ലം തോടുകൾ ആഴംകൂട്ടി തെളിച്ചിട്ട് വർഷങ്ങളായി. ഇതുകാരണം സമീപത്തെ ഒൻപത് പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാനാകുന്നില്ല. തോടുകളിൽ വെള്ളം ഉണ്ടെങ്കിൽ പമ്പിംഗ് നടത്താനാകും. എന്നാൽ പായലും പോളയും എക്കലും കയറി പലയിടത്തും തോടുകൾ മൂടി. പാടശേഖരങ്ങളിൽ നിന്ന് ജലം പുറത്തേക്ക് പമ്പ് ചെയ്യാൻ പമ്പിംഗ് സബ്‌സിഡിയുണ്ട്. എന്നാൽ ജലക്ഷാമം നേരിടുമ്പോൾ വെള്ളം എത്തിക്കുന്നതിന് സർക്കാർ സഹായമില്ല. നെൽക്കൃഷിക്ക് വളമിട്ടശേഷം വെള്ളംകയറ്റാൻ പാടത്തെ തൂമ്പുകൾ തുറന്നാലും വെള്ളം പാടത്തേക്ക് കയറ്റാനാകാത്ത അവസ്ഥയാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ അനുഭവപ്പെടുന്നതുപോലെ പകൽ സമയങ്ങളിൽ 34 ഡിഗ്രിയാണ് അപ്പർകുട്ടനാട്ടിലെ ഇപ്പോഴത്തെ ശരാശരി താപനില.

കർഷകസംഘം നിവേദനം നൽകി ജലസേചനത്തിന് ഉപയോഗിക്കുന്ന തോടുകളിലെ പോളയും പുല്ലും മാലിന്യങ്ങളും നീക്കി ആഴംകൂട്ടി നെൽകർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം വേങ്ങൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസിന് നിവേദനം നൽകി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ, കർഷകസംഘം ജില്ലാകമ്മിറ്റിഅംഗം എം.ജി.മോൻ, സെക്രട്ടറി കുരുവിള പൂതികോട്ട്, കെ.കെ.മനോഹരൻ, സി.പി.എം എൽ.സി സെക്രട്ടറി സി.കെ.പൊന്നപ്പൻ, ഡോ.മത്തായി, മുൻപാടശേഖരസമിതി സെക്രട്ടറി എം.സി ചാക്കോ, പ്രസാദ് മണ്ണൂർച്ചേരി എന്നിവർ പങ്കെടുത്തു.