സ്കൂൾ പാചക തൊഴിലാളികൾ കഷ്ടതയി​ൽ, ശമ്പളം മുടങ്ങി​യി​ട്ട് മൂന്ന് മാസം

Tuesday 25 February 2025 12:56 AM IST

പത്തനംതിട്ട : കുട്ടി​കൾക്ക് നൽകേണ്ട ഭക്ഷണമാണ്. അത് മുടങ്ങേണ്ട എന്നുകരുതി​ മാത്രമാണ് ജോലി​ക്ക് എത്തുന്നത്. ശമ്പളം ഇല്ലാതെ ജോലി​ ചെയ്യുന്ന സ്കൂൾ പാചക തൊഴിലാളിയുടെ വാക്കുകളി​ൽ കുട്ടി​കളോടുള്ള കരുതലുണ്ട്. പക്ഷെ, ആ കരുതൽ സർക്കാർ മുതലെടുക്കുകയാണ്, മൂന്ന് മാസമായി പാചക താെഴിലാളികളുടെ ശമ്പളം മുടങ്ങിയിട്ട്. എന്നു കിട്ടുമെന്ന് ഒരുറപ്പുമില്ല. ഡിസംബർ മുതലുള്ള ശമ്പളം കിട്ടാനുണ്ട്. അതിന് മുൻപുള്ള മൂന്നു മാസത്തെ ശമ്പളത്തിൽ നിന്ന് ആയിരം രൂപ വീതം പിടിച്ചുവയ്ക്കുകയും ചെയ്തു.

കേന്ദ്രസർക്കാരിൽ നിന്ന് അനുവദിച്ചത് മുഴുവൻ കിട്ടിയില്ല എന്ന ന്യായമാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ, സംസ്ഥാനത്തിന്റെ വിഹിതം കഴിഞ്ഞ മൂന്നുമാസമായി​ കൊടുക്കുന്നുമില്ല. എല്ലാ മാസവും പത്താംതീയതിക്ക് മുൻപാണ് വേതനം ലഭിച്ചി​രുന്നത്. ജില്ലയിലെ സ്കൂൾ പാചക തൊഴിലാളികളിൽ തൊണ്ണൂറ്റിയഞ്ച് ശതമാനവും സ്ത്രീകളാണ്. അൻപത് വയസിന് മുകളിലാണ് എല്ലാവരും. സ്കൂളുകളിലെ അടുപ്പ് പുകഞ്ഞാൽ മാത്രമാണ് ഇവരുടെ വീടുകളിലും തീ പുകയുന്നത്. അഞ്ഞൂറ് കുട്ടികൾ ഉള്ള സ്കൂളിന് ഒരു പാചക തൊഴിലാളി എന്നതാണ് സർക്കാർ മാനദണ്ഡം.

ഇത്രയും കുട്ടികൾക്ക് ഭക്ഷണമൊരുക്കുക എന്നത് ചെറിയ പണിയല്ലെന്ന് അധികൃതർക്ക് അറിയാം. എന്നിട്ടും പാചക തൊഴിലാളികളോട് കടുത്ത അനീതി കാട്ടുകയാണെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു.

ഭർത്താവ് തളർന്നു കിടക്കുന്നു,

ചികിത്സിക്കാൻ പണമില്ലാതെ ലീലാമ്മ

സ്കൂൾ പാചകതൊഴിലാളിയായ ലീലാമ്മയുടെ ഭർത്താവ് രക്തസമ്മർദ്ദം കൂടി തളർന്നതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വിശ്രമത്തിലാണ്. ലീലാമ്മയുടെ ജോലിയിൽ നിന്നാണ് ഏകവരുമാനം. അതുമുടങ്ങിയതിനാൽ ഭർത്താവിന്റെ ചികിത്സയ്ക്ക് പണമില്ലാതെ പ്രയാസപ്പെടുന്നു. അദ്ധ്യാപകരും മറ്റുംഅത്യാവശ്യത്തിന് സഹായിക്കുന്നു. ഇങ്ങനെ കൈനീട്ടി എത്രനാൾ എന്നാണ് ലീലാമ്മ ചോദിക്കുന്നത്. ലീലാമ്മയെപ്പോലെ പാചക വരുമാനത്തെ ആശ്രയിച്ചു കഴിയുന്നവർ സ്കൂൾ പാചകപ്പുരയിൽ കണ്ണീർ വാർക്കുകയാണ്.

ജില്ലയിലെ പാചക തൊഴിലാളികൾ : 782,

ഒരു ദിവസത്തെ വേതനം : 600

കേന്ദ്ര വിഹിതം 60 ശതമാനം, സംസ്ഥാനം 40 ശതമാനം

പാചകതൊഴിലാളികൾ അടുത്തമാസം മുതൽ ശക്തമായ സമരത്തിലേക്ക് നീങ്ങും. സർക്കാർ കടുത്ത അനീതിയാണ് കാട്ടുന്നത്.

എ.ഹബീബ് സേട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി

സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ്