ലഹരിമുക്ത വിദ്യാലയവുമായി എക്സൈസ്, നമുക്ക് പഠിക്കാം, ലഹരിയെ തുരത്താം

Tuesday 19 May 2026 12:43 AM IST

പത്തനംതിട്ട : പുതിയ അദ്ധ്യയനവർഷത്തിൽ വിദ്യാർത്ഥികളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ വിപുലമായ പദ്ധതികൾ തയ്യാറാക്കി പത്തനംതിട്ട എക്സൈസ് സംഘം. ജില്ലയിലെ മുഴുവൻ സ്കൂളുകളും പരിസരവും ഇനി എക്സൈസിന്റെ നിരീക്ഷണ വലയത്തിലാകും. സ്കൂൾ പരിസരങ്ങളിൽ ലഹരിയുടെ വിൽപ്പന തടയുന്നതിനൊപ്പം ലഹരി മാഫിയാസംഘങ്ങളെ കണ്ടെത്തുകയും പിടികൂടുകയുമാണ് ലക്ഷ്യം. ഓരോ സ്കൂളിനും പ്രത്യേക മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. ലഹരി വിതരണം നടക്കാൻ സാദ്ധ്യതയുള്ള സ്കൂളുകളുടെ പ്രത്യേക ലിസ്റ്റും തയ്യാറാക്കി, തുടർന്നുള്ള ദിവസങ്ങളിൽ ജാഗ്രത പുലർത്തും.

ലഹരിക്കെതിരെ നോ പറയാം

1. ലഹരി വിരുദ്ധ ക്ലബുകൾ പുനസംഘടിപ്പിക്കും.

2. സ്കൂളുകളുടെ നൂറുമീറ്റർ ചുറ്റളവിൽ ലഹരി വിൽപ്പന നടക്കുന്നില്ലെന്ന് ഉറപ്പാക്കും.

3. പുകയില വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദുചെയ്യാൻ നടപടി.

4. സ്കൂൾ പരിസരത്ത് നിരന്തര പരിശോധന.

5. സ്കൂൾ പരിസരത്തെ ആൾതാമസമില്ലാത്ത വീടുകളും മുറികളും പരിശോധിക്കും.

6. കളിസ്ഥലങ്ങളിലും വിജനമായ പുരയിടങ്ങളിലും നിരീക്ഷണം നടത്തും.

സ്കൂൾ മാനേജുമെന്റും പി.ടി.എയുമായി ചേർന്ന് ലഹരി വ്യാപനം തടയാൻ വിവിധ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ലഹരിയെ അകറ്റിനിറുത്തേണ്ട ആവശ്യം ചൂണ്ടിക്കാട്ടി തയ്യാറാക്കിയ ലഘുലേഖ എല്ലാസ്കൂളുകളിലും വിതരണം ചെയ്യും. പി.ടി.എ യോഗങ്ങളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉറപ്പാക്കും. ലഹരി സംബന്ധമായ അറിയിപ്പുകൾ നൽകുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും.

ഷിബു.പി.എൽ

ഡെപ്യൂട്ടി കമ്മിഷണർ

എക്സൈസ് , പത്തനംതിട്ട.

ലഹരി വിൽപ്പനയോ വിതരണമോ കണ്ടെത്തിയാൽ

അറിയിക്കേണ്ട നമ്പർ : 0468 2222873 (24x7)

ജില്ലയിലെ സ്കൂളുകളുടെ എണ്ണം: 715