ആനയും പുലിയും : ഉറക്കം കെട്ട് നാട്

Saturday 23 May 2026 12:31 AM IST

പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ തട്ടാക്കുടിയിലും കുളത്തുമണ്ണിലും കാട്ടാനയും പുലിയും രണ്ടുദിവസമായി നാടിന്റെ ഉറക്കം കെടുത്തുന്നു.

തട്ടാക്കുടിയിൽ കൊമ്പൻമാർ

കലഞ്ഞൂർ : പാടം - തട്ടാക്കുടി റോഡിൽ വനംവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. നിറുത്തിയിട്ടിരിക്കുന്ന ജീപ്പിന് സമീപത്ത് നിന്ന് അതുവഴി വരുന്ന ആളുകൾക്ക് നിർദേശം നൽകുകയാണ് വനപാലകൻ സുരേന്ദ്രൻ. രണ്ട് കൊമ്പനാനകൾ ജനവാസ മേഖലയിൽ നാശം വിതയ്ക്കുകയാണ്. വനപാലകരുടെ സംഘം വനത്തിന്റെ രണ്ടുവശങ്ങളിലൂടെ അകത്തേക്ക് കയറി കാട്ടാനകളെ ഓടിക്കുകയാണ്. അകലെ ആനകളെ തുരത്താനുള്ള വെടിയൊച്ച കേൾക്കാം.

തട്ടാക്കുടി സ്വദേശി ശാന്തയുടെ വീട്ടുപറമ്പിൽ വാഴ കൃഷി ഒന്നും ബാക്കിയില്ല. പ്ളാവിലെ ചക്കകളും ആനകൾ തിന്നുതീർത്തു. ഒറ്റയ്ക്ക് കഴിയുന്ന ഈ അറുപത്തിയഞ്ചുകാരി ഇപ്പോൾ വീടിന് പുറത്തിറങ്ങുന്നില്ല. തട്ടാക്കുടയിൽ നിന്ന് ഒരുപാട് കുടുംബങ്ങൾ വീടും സ്ഥലവും വിറ്റുപോയെന്ന് ശാന്ത പറഞ്ഞു. ജീവിക്കാൻ പറ്റിയില്ലെങ്കിൽ അതല്ലേ മാർഗമുള്ളൂ. ഭർത്താവ് മരിച്ചിട്ട് രണ്ടുവർഷം തികഞ്ഞില്ല. തടി കയറ്റ് തൊഴിലാളിയായ അദ്ദേഹത്തിന്റെ ഓർമകളുള്ള ഭൂമി വിട്ടുപോകാൻ കഴിയാത്തുകൊണ്ടാണ് താൻ ഇപ്പോഴും ഇവിടെ താമസിക്കുന്നതെന്ന് ശാന്ത പറഞ്ഞു.

പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് ആനകളെ തുരത്താൻ പോയത്. രണ്ട് ദിവസമായി രാവിലെ മുതൽ രാത്രി പന്ത്രണ്ടു മണി വരെയും വനപാലകർ സ്ഥലത്തുണ്ട്. ആനകളെ കാട്ടിലേക്ക് തിരിച്ചയക്കാതെ വനപാലകർക്ക് മാറാനാവില്ല. പ്രദേശത്ത് നിരവധി വീടുകളുണ്ട്. ജനവാസ മേഖലയോട് അതിരിടുന്ന വനപ്രദേശത്താണ് കാട്ടാനകൾ.

പുലിപ്പേടിയിൽ കുളത്തുമണ്ണും മൂഴിയാറും

പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മോഹനവിലാസം സന്തോഷിന്റെ വീട്ടുമുറ്റത്തെ ഷെഡിൽ നിന്നാണ് ആടിനെ പുലി കടിച്ചെടുത്തത്. ആറ് മാസം മുൻപും ഇതേ വീട്ടിലെ ആടിനെ കൊന്നു തിന്ന് അവശിഷ്ടങ്ങൾ ബാക്കിയിട്ടിട്ട് പോയി. പുലിയെ കുടുക്കാൻ ആടുകളെയിട്ട് കെണിയൊരുക്കി. പക്ഷെ, അടുത്തുള്ള ഷെഡിന്റെ പലക അടിയിൽ നിന്ന് കുത്തിയിളക്കി വളർത്തുന്ന ആടിനെയാണ് കൊണ്ടുപോയത്. ഇവിടെയും വനപാലകർ റോന്ത് ചുറ്റുന്നുണ്ട്. മൂഴിയാറിൽ കെ.എസ്.ഇ.ബി അസി.എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനെ കട്ടാന ആക്രിച്ച് പരിക്കേൽപ്പിച്ച സംഭവം പ്രദേശത്ത് ആശങ്ക വിതച്ചിട്ടുണ്ട്.

കാട്ടാനകളും പുലിയും ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ഫെൻസിംഗും കിടങ്ങും നിർമ്മിക്കണം.

നാട്ടുകാർ