കല്ലേലി - വയക്കര റോഡിൽ കട്ടിംഗ് കെണി!

Saturday 23 May 2026 12:37 AM IST

കോന്നി : അച്ചൻകോവിൽ - കോന്നി വനപാതയുടെ ഭാഗമായ കല്ലേലി മുതൽ വയക്കര വരെയുള്ള ഭാഗങ്ങളിൽ വശങ്ങളിലുള്ള കട്ടിംഗ് അപകടക്കെണിയാകുന്നു. വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ കട്ടിംഗിൽ ചാടി അപകടമുണ്ടാകുന്നതും അടിഭാഗം തട്ടുന്നതും പതിവാണ്. ചെറിയ വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. കല്ലേലി ചെക്ക് പോസ്റ്റ് മുതൽ വയക്കര പാലം വരെയുള്ളയിടത്താണ് ഏറെദുരിതം. കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്, കൊക്കത്തോട്, അച്ചൻകോവിൽ, ആവണിപ്പാറ ഉന്നതി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിവസവും ആളുകൾ സഞ്ചരിക്കുന്ന പാതയാണിത്. ശബരിമല തീർത്ഥാടനകാലത്ത് തമിഴ്നാട്ടിൽ നിന്ന് കാൽനടയായി വരുന്ന തീർത്ഥാടകരും ഈ റോഡിനെ ആശ്രയിക്കാറുണ്ട്. അച്ചൻകോവിൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കോന്നിക്കരയിൽ നിന്ന് അന്നക്കൊടി കൊണ്ടുപോകുന്നതും ഇതുവഴിയാണ്.

വനപാത തകർച്ചയിൽ

കോന്നി - അച്ചൻകോവിൽ വനപാത തകർച്ചയിലാണ്. പൊതുതാൽപര്യ ഹർജിയെ തുടർന്ന് ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് വിശദീകരണം തേടിയിരുന്നു. വന്യമൃഗശല്യം കൂടുതലായുള്ള ഭാഗമാണിത്. റോഡിലെ കല്ലേലി ചെക്ക് പോസ്റ്റ് മുതൽ വയക്കര പാലം വരെയുള്ള ഭാഗങ്ങളിലും ഊരാളി അപ്പൂപ്പൻ കാവിനു മുന്നിലും വാഹനങ്ങൾ സൈഡ് കൊടുക്കുവാൻ ബുദ്ധിമുട്ടുകയാണ്.

വനപാത : 40 കിലോമീറ്റർ

റോഡിന്റെ വശങ്ങളിലെ കട്ടിംഗുകൾ ഭീഷണിയാണ്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുവാൻ ഏറെ ബുദ്ധിമുട്ടുന്നു.

ടി.ആർ.പ്രഭാകരൻ,

കൊക്കാത്തോട്, (പ്രദേശവാസി)