അടൂരിൽ നഗരസഭ കെട്ടിടം: രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ

Saturday 30 May 2026 2:20 AM IST
നഗരസഭ ചെയർപേഴ്സൺ റീനാ സാമൂവൽ ഡെപ്യുട്ടി ചെയർപേഴ്സൺ ഡി ശശികുമാർ സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻമാരായ ആബിദ് ഷഹീം, ജ്യോതി സുരേന്ദ്രൻ, കൗൺസിലർമാരായ ബിജു വർഗീസ്, ഷിബു ചിറക്കരോട്ട്,നെസ്മൽ കാവിളയിൽ, മുനിസിപ്പൽ എഞ്ചിനീയർ അഭിലാഷ് കമ്പനി പ്രതിനിധികൾ എന്നിവർ സംയുക്തമായി സൈറ്റ് സന്ദർശിച്ച് നിർമ്മാണ ഘട്ടങ്ങൾ വിലയിരുത്തുന്നു

അടൂർ : നഗരസഭ കെട്ടിടത്തിന്റെയും സ്വകാര്യ ബസ് സ്റ്റാന്റിന്റെയും രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 2001ൽ യു.ഡി.എഫ് ഭരണകാലത്തു നഗരസഭ ആർജ്ജിച്ച കരുവാറ്റ ഏലയിൽ 2017ൽ എൽ.ഡി.എഫ് ഭരണസമിതി പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തിയെങ്കിലും നിർമ്മാണം 2023ൽ അടുത്ത ഭരണസമിതി വന്നതിന് ശേഷമാണ് ആരംഭിച്ചത്. നവംബർ മാസത്തോടെ തദ്ദേശ തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങുന്നതിനു മുൻപായി ഒരു നിലയുടെ പണികൾ പൂർത്തിയാക്കി ആരോഗ്യ വിഭാഗം പ്രവർത്തനങ്ങൾ ആരംഭിക്കാൻ നീക്കം ഉണ്ടായിരുന്നു എന്നാൽ അത് നടക്കാതെ വരികയും പുതിയ ഭരണസമിതി വന്ന ശേഷം ഒന്നാം ഘട്ട തുടർ പണികൾ പൂർത്തിയാക്കി ഇന്റീരിയർ വർക്കുകൾ എം.ഇ.പി വർക്കുകൾ ലാൻഡ് സ്കേപ്പിംഗ് അടക്കമുള്ള രണ്ടാം ഘട്ട പണികളുടെ ഡീറ്റയിൽ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ തയാറാക്കാൻ തീരുമാനിക്കുകയുമായിരുന്നു. പുതിയ ഡി.പി.ആറിന് അംഗീകാരം ലഭിച്ചാൽ ഉടൻ പണികൾ ആരംഭിക്കും. തുടർന്നുള്ള പണികൾ പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാൻ 8 കോടി രൂപയോളം ആവശ്യമാണ്. തൃശൂർ ഡിസ്ട്രിക്റ്റ് കോൺട്രാക്ടിംഗ് സൊസൈറ്റി എന്ന കമ്പനിക്കാണ് നിർമ്മാണ മേൽനോട്ടം .നഗരസഭ ചെയർപേഴ്സൺ റീനാ സാമൂവൽ ഡെപ്യുട്ടി ചെയർപേഴ്സൺ ഡി ശശികുമാർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആബിദ് ഷഹീം, ജ്യോതി സുരേന്ദ്രൻ, കൗൺസിലർമാരായ ബിജു വർഗീസ്, ഷിബു ചിറക്കരോട്ട്,നെസ്മൽ കാവിളയിൽ, മുനിസിപ്പൽ എഞ്ചിനീയർ അഭിലാഷ് കമ്പനി പ്രതിനിധികൾ എന്നിവർ സംയുക്തമായി സൈറ്റ് സന്ദർശിച്ച് നിർമ്മാണ ഘട്ടങ്ങൾ വിലയിരുത്തി. -