പടിയിറങ്ങുന്നത് ജനകീയ പോസ്റ്റുമാസ്റ്റർ
പത്തനംതിട്ട: ഡിജിറ്റൽ യുഗത്തിലും പോസ്റ്റ് ഓഫീസുകളെ ജനകീയമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പത്തനംതിട്ട ഹെഡ് പോസ്റ്റ് മാസ്റ്റർ ഇന്നലെ പടിയിറങ്ങി. പത്തനംതിട്ട പോസ്റ്റ് ഓഫീസിലെ ഹെഡ് പോസ്റ്റ് ഓഫീസർ റാന്നി അങ്ങാടി പുല്ലൂപ്ര പുള്ളോലിൽ സുഭാഷ്.പി.എസ് ആണ് 36 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചത്. കത്തുകൾക്ക് പകരം ശബ്ദസംഭാഷണവും വീഡിയോയും പണമയയ്ക്കാൻ ജി പേയുമെല്ലാം വിരൽതുമ്പിൽ ലഭ്യമായതോടെ പോസ്റ്റ് ഓഫീസുകളിൽ ആളുകൾ വരുന്നത് കുറവായ സാഹചര്യത്തിലാണ്, തപാൽ ഓഫീസിനെ നവീകരണത്തിന്റെ പാതയിലേക്ക് സുഭാഷ് നയിച്ചത്. ഓഫീസിലേക്ക് ആളുകളെ ആകർഷിക്കാൻ വൃത്തിയുള്ള അന്തരീക്ഷമൊരുക്കുകയും ഉപഭോക്താക്കളോട് സൗമ്യമായ പെരുമാറാൻ ജീവനക്കാർക്ക് നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെ കൂടുതൽ ആളുകൾ പോസ്റ്റ് ഓഫീസിലെത്തി തുടങ്ങി.
1991ൽ നാഗാലാന്റിൽ അദ്ധ്യാപകനായിരിക്കെയാണ് സുഭാഷ് പോസ്റ്റോഫീസിലെ ക്ളറിക്കൽ പരീക്ഷ എഴുതുന്നത്. പോസ്റ്റൽ അസിസ്റ്റന്റായി അവിടെ ജോലിയിൽ പ്രവേശിച്ചു. 1998ൽ പത്തനംതിട്ടയിൽ ക്ലാർക്കായി. 2004ൽ പോസ്റ്റുമാസ്റ്റർ പരീക്ഷ എഴുതി ഒന്നാം റാങ്കോടെ പാസായി. 2008 മുതൽ പോസ്റ്റുമാസ്റ്ററായി പത്തനംതിട്ടയിൽ ചുമതലയേറ്റു. 2010ൽ അടൂരിലും 2015ൽ തിരുവല്ലയിലും 2019ൽ വീണ്ടും അടൂരിലും ജോലിനോക്കിയ അദ്ദേഹം 2024ൽ തിരികെ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിൽ തിരികെയെത്തി.
കേരളത്തിലെ ഏറ്റവും മികച്ച പോസ്റ്റുമാസ്റ്റർക്കുള്ള ഡാക് സേവാ അവാർഡ് 2021ൽ അന്നത്തെ ഗവർണർ ആരീഫ് മുഹമ്മദ് ഖാന്റെ കൈയിൽ നിന്ന് കരസ്ഥമാക്കി. പത്തനംതിട്ട പോസ്റ്റൽ ഡിവിഷനിലെ ഏറ്റവും മികച്ച പോസ്റ്റ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടശേഷമാണ് വിരമിക്കുന്നത്. ഷില്ലോംഗിൽ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ അസി.അക്കൗണ്ട് ഓഫീസറായ ഗ്രേസിയാണ് ഭാര്യ. യു.കെയിൽ വിദ്യാഭ്യാസം നടത്തുന്ന സ്വെറീന, പ്ലസ്ടു വിദ്യാർത്ഥി നിഖിൽ എന്നിവരാണ് മക്കൾ.