ളാഹയിൽ കാട്ടാന വീടിന്റെ ഗേറ്റ് തകർത്തു

Wednesday 03 June 2026 2:33 AM IST

പത്തനംതിട്ട: ശബരിമല പാതയോരത്ത് ളാഹയിൽ കാട്ടാന വീടിന്റെ ഗേറ്റ് തകർത്തു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ളാഹ സ്വദേശി സാബുഖാന്റെ വീടിന്റെ ഗേറ്റാണ് തകർന്നത്. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ സാബുഖാൻ കണ്ടത് വീണുകിടക്കുന്ന ഗേറ്റും തുമ്പിക്കൈ ഉയർത്തി ചിന്നം വിളിച്ചുനിൽക്കുന്ന കാട്ടാനെയുമാണ്. ശബ്‌ദം കേട്ട് പരിസരവാസികൾ പുറത്തിറങ്ങി ബഹളം വച്ചതോടെ വീടിന്റെ മുറ്റത്തേക്ക് കയറാതെ കാട്ടാന പിന്തിരിഞ്ഞു. . . ആന അടുത്തുള്ള കൃഷിയിടത്തിലേക്ക് ഇറങ്ങി തെങ്ങും വാഴയും നശിപ്പിച്ചു. ഏറെനേരത്തിനു ശേഷമാണ് വനത്തിലേക്ക് മടങ്ങിയത്.

ളാഹയ്ക്ക് സമീപമുള്ള രാജാമ്പാറ വനം വർഷങ്ങളായി കാട്ടാനകളുടെ താവളമാണ്.