നിർമ്മാണ സാമഗ്രികളുടെ വില വർദ്ധന ബോട്ട് നിർമ്മാണം ' കട്ടപ്പുറത്ത് '

Monday 18 May 2026 1:47 AM IST

വിഴിഞ്ഞം: നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റത്തെ തുടർന്ന് മത്സ്യബന്ധന ബോട്ട് നിർമ്മാണം പ്രതിസന്ധിയിൽ. സീസൺ അടുക്കാറായപ്പോൾ ബോട്ട് യാ‌‌ർഡുകൾ അടച്ചിടേണ്ട അവസ്ഥയിലാണ്.

പെട്രോളിയം ഉപ ഉത്പന്നമായ ജി.പി.റെസിനിന്റെയും കാറ്റലിസ്,കോബാൾട്ട് എ.സി.ഡി,ടിന്നർ,കളർ,പ്ലൈവുഡ് എന്നിവയുടെ വില ക്രമാതീതമായി വർദ്ധിച്ചതായി ബോട്ട് നിർമ്മാണ തൊഴിലാളികൾ പറയുന്നു. നിർമ്മാണത്തിലെ പ്രധാന വസ്‌തുവായ ഫൈബർ മാറ്റിന്റെ വിലയും കൂടിയിട്ടുണ്ട്. മറൈൻ പ്ലൈവുഡിന് വില 150 രൂപയോളം വർദ്ധിച്ചു. രണ്ട് മാസത്തിനിടെ ജി.പി.റെസിന് ഒരു കിലോയ്‌ക്ക് 70 രൂപയുടെ വർദ്ധനവാണുണ്ടായത്. നിലവിൽ 210 രൂപയാണ് ഒരുകിലോയുടെ വില.

രണ്ടോ നാലോ പേർക്ക് മത്സ്യബന്ധനത്തിന് പോകാവുന്ന ചെറിയതരം ബോട്ട് നിർമ്മിക്കാൻ 400 കിലോയോളം റെസിൻ ആവശ്യമാണ്. വിലക്കയറ്റം കാരണം പുതിയ ബോട്ടുകൾ നിർമ്മിക്കാൻ മത്സ്യത്തൊഴിലാളികൾ തയ്യാറാകാത്തതോടെ നിർമ്മാണ തൊഴിലാളികൾക്ക് ജോലി ഇല്ലാത്ത അവസ്ഥയായി.

വിഴിഞ്ഞത്ത് 4 യാ‌‌ർഡുകൾ

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച് നാല് ബോട്ട് നിർമ്മാണ യാർഡുകളാണുള്ളത്. ഇതിൽ 60ൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. യുവാക്കൾ ഈ മേഖലയിലേക്ക് വരുന്നില്ലെന്ന് 30 വർഷമായി പ്രവർത്തിക്കുന്ന ബോട്ട് നിർമ്മാണ തൊഴിലാളി തദേയൂസ് (55) പറയുന്നു. ഒരു ഔട്ട് ബോർഡ് ബോട്ട് നിർമ്മിക്കാൻ അഞ്ചുപേർക്ക് ഒരുമാസം വേണ്ടിവരും. ബോട്ടിന്റെ വലിപ്പമനുസരിച്ച് ദിവസങ്ങൾ നീണ്ടുപോകും. ആഞ്ഞിലിത്തടിയാണ് ബോട്ടിന്റെ ചട്ടക്കൂടിനായി തിരഞ്ഞെടുക്കുന്നത്. തുടർന്ന് ഫൈബർ ഷീറ്റുകൾ രാസവസ്തുക്കളുടെ സഹായത്തോടെ ഒട്ടിച്ചുചേർത്താണ് നിർമ്മാണം. ഇതിൽ ആവശ്യമുള്ള കളറുകളും ചേർക്കും. ഫൈബർ ബോട്ടുകൾക്ക് 5 വർഷത്തെ ആയുസുണ്ടാകുമെങ്കിലും മത്സ്യത്തൊഴിലാളികൾ രണ്ടുവർഷം കൂടുമ്പോൾ മാറ്റുകയാണ് പതിവ്.

ലക്ഷങ്ങൾ വില

സാധാരണ മരംമോഡൽ ചെറിയ ബോട്ടുകൾക്ക് രണ്ടുലക്ഷം രൂപ മുതൽ വിലവരും.

ഇത്തരം ബോട്ടുകൾക്കാണ് ഡിമാൻഡ്. വലിപ്പമേറുന്നതനുസരിച്ചു വിലയും കൂടും.

പരിശീലനകേന്ദ്രം വേണം

ബോട്ട് നിർമ്മാണമേഖലയിലേക്ക് യുവാക്കളെ ആകർഷിക്കാൻ വിഴിഞ്ഞം കേന്ദ്രീകരിച്ച് പരിശീലന കേന്ദ്രം ആരംഭിക്കണമെന്നാണ് ആവശ്യം. ഫൈബർ ഷീറ്റിന്റെ ഗ്രൈൻഡിംഗ് കാരണമുണ്ടാകുന്ന പൊടി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അതേസമയം സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.