കുരുന്നുകളെ വരവേറ്റത് കിരീടം ചാർത്തിയും മിഠായികൾ നൽകിയും

Tuesday 02 June 2026 12:23 AM IST

തിരുവനന്തപുരം: ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ പുതിയ അദ്ധ്യായന വർഷത്തേക്ക് കടന്ന് സ്‌കൂളുകൾ. പുതുതായി എത്തിയ കുരുന്നുകളെ ആഘോഷപൂർവമാണ് സ്‌കൂളുകൾ സ്വീകരിച്ചത്. ജില്ലയിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ കുട്ടികളെ വരവേൽക്കാൻ ഒരുക്കിയിരുന്നു.

ഓരോ സ്‌കൂളിലും പ്രവേശനോത്സവം സംഘടിപ്പിച്ചായിരുന്നു കുട്ടികളെ വരവേറ്റത്. പൂക്കളും ബലൂണുകളും കുരുത്തോലകളും കൊണ്ട് സ്‌കൂളുകളും പരിസരവും അലങ്കരിച്ചിരുന്നു. ഒപ്പം ചെണ്ടമേളവും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം ഉദ്ഘാടന ചടങ്ങുകളിൽ പ്രസംഗം കുറച്ചും കുട്ടികളോട് നേരിട്ട് സംവദിക്കുന്ന രീതിയിലായിരുന്നു.പുതിയ ഉടുപ്പും ബാഗുമായി രക്ഷിതാക്കൾക്കൊപ്പം ഒന്നാം ക്ലാസിലേക്ക് വന്ന കുട്ടികൾ അമ്പരപ്പിലായിരുന്നു. രക്ഷിതാക്കളുടെ കൈയിൽ നിന്ന് അദ്ധ്യാപകർ കുട്ടികളെ ക്ലാസ് മുറികളിലേക്ക് കൊണ്ടുപോയതോടെ പലരും കരച്ചിലായി.ഇവരെ ആശ്വസിപ്പിച്ച് അദ്ധ്യാപകർ ഒപ്പം നിന്നു.മറ്റു ചിലരാകട്ടെ പുതിയ സ്ഥലത്ത് എത്തിചേർന്നതിന്റെ ഒരു അങ്കലാപ്പുമില്ലാതെ കളിച്ചും ചിരിച്ചുമാണ് സ്‌കൂൾ പ്രവേശനം ആഘോഷമാക്കിയത്.

മഴ മാറിനിന്നതോടെ പ്രവേശനോത്സവം ആഘോഷമായി മാറി. സ്‌കൂളിലേക്ക് എത്തിയ ഒന്നാം ക്ലാസുകാരെ പേപ്പർകൊണ്ടുണ്ടാക്കിയ കിരീടം ചാർത്തിയും മധുര പലഹാരങ്ങൾ നൽകിയുമാണ് സ്വീകരിച്ചത്. പ്രവേശനോത്സവ പരിപാടി നടക്കുന്നതിന്റെ മുൻനിരയിൽ ഇവർക്കായി ഇരിപ്പിടം ഒരുക്കി. ക്ലാസിൽ കഥ പറഞ്ഞും പാട്ടുപാടിയുമാണ് അദ്ധ്യാപകർ കുരുന്നുകളെ കൈയിലെടുത്തത്. കാത്തുനിന്ന രക്ഷിതാക്കളോടൊപ്പം ഒരു മണിക്കൂറിനുശേഷം കുരുന്നുകളെ വിട്ടു. പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിലായിരുന്നു മിക്കവരും.വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സൈബർ സുരക്ഷാ പ്രതിജ്ഞയെടുത്തു.