സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സ്വകാര്യ ബസുകൾ മരണപ്പാച്ചിലിൽ

Sunday 17 May 2026 12:25 AM IST
ഇന്നലെ വൈകിട്ട് സ്വരാജ് റൗണ്ടിൽ നിന്ന് അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ടപ്പോൾ

തൃശൂർ: നഗരത്തിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മരണപ്പാച്ചിലും തുടരുന്നു. സ്വരാജ് റൗണ്ടിൽ നിന്നും എം.ഓ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കാഞ്ഞാണി - അന്തിക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് സ്‌കൂട്ടറിന് പിന്നിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ യാത്രികൻ റോഡിലേക്ക് വീണു. ഉടൻ തന്നെ ബസ് ഡ്രൈവർ ബ്രേക്ക് ചവിട്ടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഉടൻ തന്നെ വഴിയാത്രക്കാർ ചേർന്ന് ഇയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. സ്വരാജ് റൗണ്ടിലൂടെയുള്ള സ്വകാര്യ ബസുകളുടെ അമിതവേഗതയും ട്രാഫിക് നിയമലംഘനങ്ങളും നിത്യസംഭവമാണെന്ന് യാത്രക്കാർ പറയുന്നു. നിരന്തരം ഹോൺ മുഴക്കി പാഞ്ഞുവരുന്ന ബസുകൾക്ക് സൈഡ് കൊടുത്തില്ലെങ്കിൽ ചെറുവാഹനങ്ങളിലെ യാത്രക്കാർക്ക് നേരെ ബസ് തൊഴിലാളികൾ അസഭ്യവർഷം ചൊരിയുന്നതും പതിവാണെന്ന് പറയുന്നു.

വലതുവശം ചേർന്ന് പാച്ചിൽ

വലിയ വാഹനങ്ങൾ പാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി, ബസുകൾ സ്വരാജ് റൗണ്ടിന്റെ വലതുവശം ചേർന്ന് അമിതവേഗതയിലാണ് പായുന്നത്. വലത് വശം ചേർന്ന് പോകുന്ന ബസുകൾ ചെറുവാഹനങ്ങളെ മറികടന്ന് എം.ഓ റോഡിലേക്ക് പെട്ടെന്ന് തിരിയുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഇരുചക്രവാഹന യാത്രികരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ അപകടങ്ങൾ നടന്നിരുന്നു.